തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി; അനങ്ങാപ്പാറ നിലപാടില്‍ ആരോഗ്യവകുപ്പ്

Jaihind Webdesk
Thursday, August 10, 2023

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ കാത്ത് ലാബിന്‍റെ പ്രവർത്തനം സ്തംഭിച്ചു. ഇതോടെ മെഡി. കോളേജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയകൾ ശനിയാഴ്ച മുതൽ മുടങ്ങി.ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികളെ തിരിച്ചയക്കുന്ന സ്ഥിതി ഉണ്ടായിട്ടു അനങ്ങാപ്പാറ നിലപാടിലാണ്ആരോഗ്യവകുപ്പ്.

കഴിഞ്ഞ ശനിയാഴ്ച മുതലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹൃദയശസ്ത്രക്രിയകൾ മുടങ്ങിത്തുടങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന രണ്ട് പേസ്മേക്കർ റീപ്ലേസ്മെന്‍റ്  ശസ്ത്രക്രിയകൾ ഒഴികെ മറ്റ് ശസ്ത്രക്രിയകൾ ഒന്നും തന്നെ ഇവിടെ നടന്നിട്ടില്ല. ഹൃദയ ശസ്ത്രക്രിയകൾക്ക് ആവശ്യമായ സ്റ്റെൻന്‍റും ,പേസ്മേക്കറുകളും ഉൾപ്പെടെയുള്ളവയുടെ ക്ഷാമമാണ്
ശസ്ത്രക്രിയകൾ മുടങ്ങുവാൻ ഇടയാക്കിയത്. ആരോഗ്യവകുപ്പ് കോടികളുടെ കുടിശിക വരുത്തിയതോടെ മരുന്ന് കമ്പനികളും വിതരണക്കാരും ഇവ മെഡിക്കൽ കോളജിന് വിതരണം ചെയ്യുന്നത് പൂർണ്ണമായും നിർത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

മുപ്പതോളം കമ്പനികളും വിതരണക്കാരുമാണ് മെഡിക്കൽ കോളജിലെ സർജിക്കൽ വസ്തുക്കൾ നൽകിവന്നത്.നേരത്തെ ഉണ്ടായിരുന്ന 16 കോടി രൂപയ്ക്ക് പുറമേ 36 കോടി രൂപ കൂടികുടിശ്ശിക വരുത്തിയതോടെയാണ് ഇവർ വിതരണം നിർത്തിയത്.ഇവർക്ക് നൽകുവാൻ അനുവദിച്ച തുക ആരോഗ്യവകുപ്പ് വക മാറ്റി ചിലവഴിച്ചതായപരാതിയും ഇവർ ഉയർത്തുന്നുണ്ട്.ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി രോഗികൾ
പ്രതിസന്ധിയിൽ ആകുമ്പോഴും പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ ആരോഗ്യ വകുപ്പ്അനങ്ങാപ്പാറ നയം തുടരുകയാണ്.ആരോഗ്യവകുപ്പിന്റെ ഈ നിഷ്ക്രിയത്വത്തിനെതിരെശക്തമായ പ്രതിഷേധം ഉയരുകയാണ് .