നടിയെ ആക്രമിച്ച കേസിലെ ഇരയായ നടിയുടെ സാക്ഷി വിസ്താരം പൂർത്തിയായി

Jaihind News Bureau
Monday, February 3, 2020

നടിയെ ആക്രമിച്ച കേസിലെ ഇരയായ നടിയുടെ സാക്ഷി വിസ്താരം പൂർത്തിയായി.കേസിലെ പ്രധാന തെളിവുകളിൽ ഒന്നായ എസ്.യു.വി.കാറും ടെമ്പോ ട്രാവലറും ഇന്ന് കൊച്ചിയിലെ സി.ബി.ഐ.പ്രത്യേക കോടതിയിൽ ഹാജരാക്കി. സംഭവത്തിന് ശേഷം മൂന്ന് വർഷമായി ആലുവ ട്രാഫിക് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ടെമ്പോ ട്രാവലർ ഇന്നലെ അർദ്ധരാത്രിയോടെ കെട്ടി വലിച്ചാണ് കോടതി പരിസരത്ത് എത്തിച്ചത്.

നടി സഞ്ചരിച്ചിരുന്ന എസ്.യു.വിയും ഇന്ന് പരിശോധനയ്ക്കായി എത്തിച്ചിരുന്നു. നടി നേരിട്ട് എത്തി ഈ വാഹനങ്ങൾ തിരിച്ചറിഞ്ഞു. എസ് യു വിയുടെ പിൻസീറ്റിൽ താൻ ഇരുന്നിരുന്നത് എവിടെയായിരുന്നുവെന്ന് നടി കോടതിക്ക് കാണിച്ചു കൊടുത്തു. അഭിഭാഷകരുടെയും പ്രതികളുടെയും സാന്നിധ്യത്തിലായിരുന്നു നടി വാഹനങ്ങൾ തിരിച്ചറിഞ്ഞത്. ആക്രമണസമയത്ത് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ വനിതാ ജഡ്ജിയുടെ സാന്നിധ്യത്തിൽ നടി കണ്ടു. അതിനുശേഷം ക്രോസ് വിസ്താരവും ആരംഭിച്ചു. കേസിലെ പ്രതികളെ മറ്റൊരു ദിവസമായിരിക്കും ദൃശ്യങ്ങൾ കാണിക്കുക. നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെയാണ് ദൃശ്യങ്ങൾ കാണിക്കുക. സാക്ഷി വിസ്താരം നാളെയും തുടരും.