ആരോഗ്യവകുപ്പ് ഭരിക്കുന്നത് മന്ത്രിയുടെ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്; പൊറുതിമുട്ടി ഉദ്യോഗസ്ഥര്‍; കൈക്കൂലിയും സ്വജനപക്ഷപാതവും തകൃതി

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ ദുര്‍ഭരണത്തില്‍ പൊറുതിമുട്ടി ഉദ്യോഗസ്ഥരും ജനങ്ങളും. സി.പി.എം പ്രവര്‍ത്തകനായ ഇയാളെ പ്രീതിപ്പെടുത്തിയാലെ നിയമപ്രകാരമുള്ള സ്ഥലം മാറ്റം, സ്ഥാനകയറ്റം, വര്‍ക്കിങ് അറേജ്മെന്റ് തുടങ്ങിയ ആവശ്യങ്ങള്‍ നടക്കൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകനാണ് ആരോഗ്യ, സമൂഹ്യനീതി, വനിതാ- ശിശു വികസന വകുപ്പുകള്‍ ഇപ്പോള്‍ കൈയാളുന്നത്.

ഇതിനോടകം സെക്രട്ടറിയേറ്റിന്റെ അകത്തളങ്ങളില്‍ കുപ്രസിദ്ധി നേടിയ ഇയാള്‍ക്കെതിരെ ഭരണപക്ഷ നേതാക്കള്‍ക്കും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലും എതിര്‍പ്പ് ശക്തമാകുകയാണ്. എന്നാല്‍ മന്ത്രിയുടെ വിശ്വസ്തനായതില്‍ ആരും ഇയാള്‍ക്കെതിരെ പരസ്യമായി ശബ്ദിച്ചിട്ടില്ല. സിപിഎം കണ്ണൂര്‍ജില്ലാ കമ്മിറ്റി അംഗമായ പ്രൈവറ്റ് സെക്രട്ടറിയേക്കാള്‍ വലിയ സ്ഥാനമാണ് മന്ത്രിയുടെ ഓഫീസില്‍ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റിന് ഉള്ളത്.

വനിതാ ഡോക്ടര്‍മാരുടെ ഉള്‍പ്പെടെ സ്ഥലം മാറ്റം, പ്രമോഷന്‍ തുടങ്ങിയ ഫയലുകള്‍ പൂഴ്ത്തി വച്ച് ഇഷ്ടക്കാരെ തിരുകികയറ്റുന്നതാണ് ഇയാളുടെ പ്രധാന പരിപാടി. ലക്ഷങ്ങളാണ് പകരമായി ആവശ്യപ്പെടുന്നത്. സ്ഥലം മാറ്റം, പ്രമോഷന്‍, വര്‍ക്കിങ് അറേജ്മെന്റ് എന്നിവയുടെ ഫയല്‍ തീര്‍പ്പാക്കുന്നത് ഇദ്ദേഹമാണ്. എല്ലാ ഫയലുകളും മന്ത്രി ഇയാള്‍ക്ക് കൈമാറും. നൂറുകണക്കിന് ആളുകള്‍ക്കാണ് ചട്ടപ്രകാരം ന്യായമായി നല്‍കേണ്ട നിരവധി സ്ഥാനകയറ്റവും, സ്ഥലംമാറ്റങ്ങളുമാണ് രണ്ടര വര്‍ഷത്തിനിടെ തട്ടിതെറിപ്പിച്ചത്.

പൊതു സ്ഥലം മാറ്റത്തിന് മൂന്ന് വര്‍ഷം പൂര്‍ത്തിയാകണമെന്ന മാനദണ്ഡങ്ങള്‍ പോലും ഇഷ്ടക്കാരുടെ ഇയാള്‍ പാലിക്കുന്നില്ല. ഇയാളുടെ വേണ്ടപ്പെട്ട വനിതാ ഡോക്ടര്‍ക്ക് ഒരവര്‍ഷത്തിനിടെ അഞ്ചിടങ്ങളിലാണ് സ്ഥലംമാറ്റം നല്‍കിയത്. ഒടുവില്‍ ആ ഡോക്ടറെ കഴിഞ്ഞ പൊതുസ്ഥലം മാറ്റപട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ ട്രിബ്യൂണലില്‍ കേസും നടക്കുകയാണ്.

താഴേതട്ടില്‍ നിന്ന് ഫലയുകള്‍ മന്ത്രി ഓഫീസിലെത്തിക്കഴിഞ്ഞാല്‍ ദിവസങ്ങളോളം അനങ്ങാതെ കിടക്കുന്ന സ്ഥിയാകുമ്പോഴാണ് ആവശ്യക്കാര്‍ മന്ത്രി ഓഫീസിലേക്ക് നേരിട്ടെത്തുന്നത്. ഇങ്ങനെ എത്തുന്നവര്‍ നേരെ ഈ വിരുതന്റെ മുന്നിലെത്തും. മുന്നിലെത്തുന്നവരുടെ ആവശ്യം മനസിലാക്കുന്നതിനുള്ള സാവകാശം പോലും എടുക്കാതെ ഉന്നത ഉദ്ദ്യോഗസ്ഥരെ പോലും ആട്ടിപായിക്കും. വീണ്ടും വീണ്ടും പിന്നാലെ നടന്നാല്‍ കാര്യം നടക്കാനുള്ള വഴിയും ഉപദേശിക്കും.
ഒരുവര്‍ഷം മുമ്പ് കൊച്ചിയിലുള്ള രണ്ട് ഡോക്ടര്‍മാരുടെ നിയമപ്രകാരമുള്ള സ്ഥലംമാറ്റത്തിന് പ്രതിഫലമായി ഇദ്ദേഹം ആവശ്യപ്പെട്ടത് പണിനടക്കുന്ന വീടിന്റെ ടൈല്‍സ് ഇടാനുള്ള കാശായിരുന്നു. ഇഷ്ടക്കാരെ തിരികികയറ്റാന്‍ വേണ്ടി അര്‍ഹതപ്പെട്ടവനെ ഒഴിവാക്കുകയാണ്. ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ സ്വന്തം നാടായ വയനാട്ടില്‍ ഒഴിഞ്ഞു കിടന്ന പോസ്റ്റിലേക്ക് നിയമനം ചോദിച്ചെത്തിയ സീനിയര്‍ ഡോക്ടറെ ഒന്നര വര്‍ഷമാണ് സെക്രട്ടറിയേറ്റ് കയറ്റി ഇറക്കിയത്.

വയനാട്ടില്‍ ആശുപത്രി സ്ഥിഹിചെയ്യുന്ന സ്ഥലത്ത എംഎല്‍എയുടെ എതിര്‍പ്പ് ചൂണ്ടികാട്ടിയായിരുന്നു ഇയാള്‍ നിയമനത്തെ എതിര്‍ത്തത്. എന്നാല്‍ പ്രമുഖ സംഘടനയുടെ ഭാരവാഹികൂടിയായ സീനിയര്‍ ഡോക്ടര്‍ എംഎല്‍എയെ നേരില്‍ കണ്ട് അദ്ദേഹത്തിന്റെ കത്തുമായി വീണ്ടും അഡീ.പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ മുന്നിലെത്തി. അപ്പോഴേക്കും മറ്റൊരാള്‍ക്ക് ഇയാള്‍ നിയമനം നല്‍കുകയും ചെയ്തു.

മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതലയോഗത്തില്‍ പ്രൈവറ്റ് സെക്രട്ടറിയെ പോലും മറികടന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയപ്പോഴാണ് ആയുഷ് സെക്രട്ടറി മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇറങ്ങിപോകാന്‍ നിര്‍ദ്ദേശിച്ചത്. ഭരണകക്ഷി എംഎല്‍എമാരെ പോലും വലയ്ക്കാന്‍ തുടങ്ങിയതോടെയാണ് ഇയാള്‍ പാര്‍ട്ടിക്കാരുടെ കണ്ണിലും കരടായത്.

Comments (0)
Add Comment