
തിരുവനന്തപുരം: ആരോഗ്യവകുപ്പ് പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണെന്നും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്കാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ആരോഗ്യവകുപ്പിലെ സിസ്റ്റം തകര്‍ന്നതിന്റെ അവസാനത്തെ ഇരയാണ് വേണു. പൂര്‍ണ്ണമായ അവഗണനയാണ് വേണു നേരിട്ടതെന്നും സതീശന്‍ പറഞ്ഞു.
ആരോഗ്യമേഖല അപകടകരമായ നിലയില്‍ തകര്‍ന്നിരിക്കുകയാണ്. മരുന്നില്ല, ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ല എന്നിങ്ങനെ ഗുരുതരമായ പ്രതിസന്ധിയാണ് ആരോഗ്യവകുപ്പ് നേരിടുന്നത്. ആരോഗ്യമേഖലയോട് കടുത്ത അവഗണനയാണ് സര്‍ക്കാര്‍ കാട്ടുന്നത്. ഹാര്‍ട്ട് അറ്റാക്കുമായി വന്ന വ്യക്തിക്ക് ഒരു ചികിത്സയും നല്‍കിയില്ല. ഡോക്ടര്‍മാര്‍ ഇപ്പോള്‍ നല്‍കുന്ന വിശദീകരണം രക്ഷപ്പെടുവാനുള്ള തന്ത്രം മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. സിസ്റ്റം തകരാറിലാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആരോഗ്യ മന്ത്രിക്കാണെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ കോടതിയുടെ നിരീക്ഷണങ്ങള്‍ ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ്, ഈ വിഷയത്തില്‍ തങ്ങള്‍ പറഞ്ഞ കാര്യങ്ങളൊക്കെ കോടതി ശരിവെച്ചിരിക്കുകയാണെന്നും പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി അന്താരാഷ്ട്ര വിഗ്രഹ മോഷണ സംഘങ്ങളുടെ കണ്ണിയാണോ എന്ന് കോടതി പോലും സംശയം പ്രകടിപ്പിച്ചിരിക്കുന്നു.
മുന്‍ ദേവസ്വം ബോര്‍ഡും നിലവിലെ ദേവസ്വം ബോര്‍ഡും ഈ അന്താരാഷ്ട്ര വിഗ്രഹ കടത്ത് സംഘങ്ങളുടെ കണ്ണിയാണോ എന്ന് പരിശോധിക്കണം.
കുറ്റവാളികളെ മുഴുവന്‍ സര്‍ക്കാരും രാഷ്ട്രീയ നേതൃത്വവും സംരക്ഷിക്കുകയാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. മുന്‍ ദേവസ്വം ബോര്‍ഡിന്റെയും നിലവിലെ ദേവസ്വം ബോര്‍ഡിന്റെയും പങ്ക് കോടതി തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘വാസു’ എന്ന വ്യക്തിയെ സംരക്ഷിക്കുവാനുള്ള ശക്തമായ സമ്മര്‍ദ്ദം സര്‍ക്കാര്‍ എസ്.ഐ.ടി.യുടെ മേല്‍ ചെലുത്തുകയാണെന്നും, സര്‍ക്കാര്‍ വാസുവിനെ സംരക്ഷിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. ഈ വിഷയങ്ങളില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.