
തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും പരാജയപ്പെട്ട വകുപ്പുകളിലൊന്നായി ആരോഗ്യവകുപ്പ് മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി തേടി ഹര്‍ഷിന നടത്തുന്ന ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ നടന്ന സമരത്തില്‍ ഹര്‍ഷിനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ചെന്നിത്തല, ഗാന്ധിഗ്രാം ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ യുവതിക്ക് ചികിത്സാ സഹായമായി പ്രഖ്യാപിച്ചു.
ഹര്‍ഷിനയുടെ ചികിത്സയ്ക്കായി 50 ലക്ഷത്തോളം രൂപ ചെലവായിട്ടും സര്‍ക്കാര്‍ കേവലം രണ്ട് ലക്ഷം രൂപ മാത്രമാണ് നല്‍കിയതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് നേരത്തെ നല്‍കിയ ഉറപ്പിന്റെ ലംഘനമാണിത്. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച് പ്രതികളെ കണ്ടെത്തിയിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ഷിനയുടെ തുടര്‍ചികിത്സയ്ക്കായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ‘ഗാന്ധിഗ്രാം’ ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ അടിയന്തര സഹായമായി നല്‍കും. കേരളത്തിന്റെ മനസാക്ഷിയെ തൊട്ടുണര്‍ത്തുന്ന ഈ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ആരോഗ്യ മന്ത്രി വി.സി. കബീര്‍, മുന്‍ എം.എല്‍.എ ജോസഫ് എം. പുതുശ്ശേരി, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ സജീദ് ഖാലിദ്, ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ., വിമന്‍ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി മുബീന വാവാട് തുടങ്ങിയവര്‍ സംസാരിച്ചു. സമരസമിതി ഭാരവാഹികളായ എം.ടി. സേതുമാധവന്‍, മുസ്തഫ പാലാഴി, ഇ.പി. അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.