ട്വിറ്ററിലെ പേരിനൊപ്പം ചൗക്കീദാർ … മോദിയുടെ തലവേദന ഒഴിയുന്നില്ല

webdesk
Tuesday, March 19, 2019

ട്വിറ്ററിലെ പേരിനൊപ്പം ചൗക്കീദാർ എന്ന് കൂട്ടിച്ചേർത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലവേദന ഒഴിയുന്നില്ല. പ്രധാനമന്ത്രിയെ പരസ്യമായി വിമർശിക്കുന്ന യുവാവിന്‍റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ. കാവൽക്കാരനെയല്ല, മറിച്ച് കാര്യശേഷിയുള്ള പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് വേണ്ടതെന്ന ഒരു വിദ്യാർഥിയുടെ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കഴിഞ്ഞ ദിവസം മുതൽ തന്നെ വാട്‌സാപ്പ് സ്റ്റാറ്റസുകളായും ഫേസ്ബുക്ക് പോസ്റ്റുകളുമായി നിറയുകയാണ് ഈ വിദ്യാർഥിയുടെ വാക്കുകൾ.

ഒരു സ്വകാര്യ ചാനലിന്‍റെ പരിപാടിക്കിടെയാണ് പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കൗമാരക്കാരൻ രംഗത്തെത്തിയത്. ‘ചിലപ്പോൾ നിങ്ങൾ ഈ രാജ്യത്തെ ചെറുപ്പക്കാരോട് ഭക്ഷണം ഉണ്ടാക്കാൻ പറയുന്നു. മറ്റ് ചിലപ്പോൾ കാവൽക്കാരെ കുറിച്ച് പറയുന്നു. ഞങ്ങൾക്ക് വേണമെങ്കിൽ ഒരു കാവൽക്കാരനെ നേപ്പാളിൽ നിന്ന് കിട്ടും. രാജ്യത്തിന് ആവശ്യമുള്ളത് കാര്യശേഷിയുള്ള പ്രധാനമന്ത്രിയെയാണ്, കാവൽക്കാരനെയല്ല’ കൗമാരക്കാരൻ പറയുന്നു.

ബിജെപി വക്താവിനെ സ്റ്റേജിലിരുത്തിയായിരുന്നു കൗമാരക്കാരൻ മോദിയെ രൂക്ഷമായി വിമർശിച്ചത്. 2014ന് മുൻപ് ഇന്ത്യ പാമ്പാട്ടികളുടെ നാടായിരുന്നു എന്ന് പ്രധാനമന്ത്രി പരിഹസിച്ചതിനെതിരെയും ചെറുപ്പക്കാരൻ പറഞ്ഞു. ഈ വാക്കുകൾ നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. കഴിഞ്ഞ എഴുപത് വർഷങ്ങൾ കൊണ്ട് ഇന്ത്യ ഒരു നേട്ടവും സ്വന്തമാക്കിയില്ല എന്ന മോദിയുടെ വാദത്തേയും യുവാവ് ചോദ്യം ചെയ്തു.