മുല്ലപ്പൂ പറിച്ച് തരാമെന്ന് പറഞ്ഞ് സുഹൃത്തിന്‍റെ 9 വയസുള്ള മകളെ പീഡിപ്പിച്ചു; പ്രതിക്ക് 14 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

Jaihind Webdesk
Thursday, January 19, 2023

തൃശൂര്‍ : മുല്ലപ്പൂ പറിച്ച് തരാമെന്ന് പറഞ്ഞ് സുഹൃത്തിന്‍റെ മകളെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 14 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ ചെമ്മണ്ണൂര്‍ സ്വദേശി 53 വയസുള്ള പൊന്നരശ്ശേരി സുനിലിനെയാണ് ശിക്ഷിച്ചത്.തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി.എൻ വിനോദാണ് ശിക്ഷ വിധിച്ചത്.

2011 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.9 വയസ്സുകാരിയെയാണ് പ്രതി പീഡിപ്പിച്ചത്.
മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുയായിരുന്ന ബാലികയെ പരിചയക്കാരനായ പ്രതി മുല്ലപ്പൂ പറച്ചു തരാമെന്ന് പറഞ്ഞ് കൂട്ടി കൊണ്ടു പോയാണ് ലൈംഗീകമായി പീഡിപ്പിച്ചത്. കുഞ്ഞിന്‍റെ  മാതാപിതാക്കൾ ജോലിക്ക് പോയതിനാല്‍ ഈ സമയത്ത് വീട്ടില്‍ ആരും ഇല്ലായിരുന്നു.
പിന്നീട് സഹോദരിയോടൊത്ത് കടയിൽ പോയ കുട്ടി വഴിയില്‍ വെച്ച് പ്രതിയെ കണ്ട് പേടിച്ച് കാര്യങ്ങൾ മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് നല്‍കിയ പരാതിയില്‍ ഗുരുവായൂർ പോലീസ് കേസെടുത്തു.
പ്രതി ഒളിവിൽ പോയതിനെ തുടര്‍ന്ന് വിചാരണ നീണ്ടു പോയെങ്കിലും പിന്നീട് പോലീസ് അറസ്റ്റു ചെയ്യുകയും
ജാമ്യമില്ലാതെ വിചാരണ പൂർത്തിയാക്കുകയുമായിരുന്നു.