ശരിക്കും കുഞ്ഞനന്തന്‍റെ അസുഖമെന്താണെന്ന് ഹൈക്കോടതി

Friday, February 1, 2019

ടി.പി വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന് യഥാര്‍ഥ അസുഖമെന്താണെന്ന് ഹൈക്കോടതി. മെഡിക്കല്‍ കോളേജ് റിപ്പോര്‍ട്ടില്‍ ഒന്നും വ്യക്തമാവുന്നില്ലെന്നും കുഞ്ഞനന്തന്‍ അധികനാള്‍ ജയിലില്‍ കിടന്നിട്ടില്ല എന്നാണ് മനസിലാകുന്നതെന്നും ഹൈക്കോടി വ്യക്തമാക്കി. ശിക്ഷാകാലയളവിനിടെ കുഞ്ഞനന്തന്‍ എത്ര ദിവസമാണ് ജയിലില്‍ കിടന്നതെന്നും കോടതി ചോദിച്ചു.

കുഞ്ഞനന്തന് നടക്കാന്‍ വയ്യെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ ജയിലില്‍ സുഖമായി കിടന്നുകൂടേ എന്നായിരുന്നു കോടതിയുടെ ചോദ്യം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പി.കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെ നേരത്തെയും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കുഞ്ഞനന്തന് അസുഖമുണ്ടെങ്കില്‍ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞിരുന്നു.

കുഞ്ഞനന്തന്  ഗുരുതര ആരോഗ്യ പ്രശ്നമുണ്ടെന്നും അടിയന്തര ചികിത്സ നല്‍കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ അറിയിച്ചു. കേസ് റദ്ദാക്കി ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നിലപാട് അറിയിക്കുകയായിരുന്നു സര്‍ക്കാര്‍.

സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായിരുന്ന പി. കെ കുഞ്ഞനന്തന്‍ 2014 ജനുവരിയിലാണ് ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്. നാല് വര്‍ഷത്തിനിടെ 389 ദിവസമാണ് കുഞ്ഞനന്തന് പരോള്‍ അനുവദിച്ചത്.  കഴിഞ്ഞ പത്ത് മാസത്തിനിടെ മാത്രം 214 തവണയാണ് കുഞ്ഞനന്തന് പരോള്‍ കിട്ടി. കെ.കെ രമ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.