രമേശ് ചെന്നിത്തലയുടെ ഹർജിയിൽ സർക്കാരിനും സ്പ്രിങ്ക്ളറിനും ഹൈക്കോടതി നോട്ടീസ്

Jaihind News Bureau
Sunday, April 26, 2020


വിവാദ സ്പ്രിങ്ക്ളർ ഡാറ്റ കരാറിൽ ഹൈക്കോടതി സർക്കാരിനും, സ്പ്രിങ്ക്ളർ കമ്പനിക്കും നോട്ടീസയച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ബന്ധപ്പെട്ടവർക്ക് കോടതി നോട്ടീസ് അയച്ചത്. എന്നാൽ മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കുന്ന കാര്യം കോടതി പിന്നീട് പരിഗണിക്കും.

വിവാദമായ സ്പ്രിങ്ക്ളറുമായുള്ള ഡാറ്റ കരാർ തുടരാൻ കർശന ഉപാധികളോടെയാണ് സർക്കാരിന് ഹൈക്കോടതി അനുമതി നൽകിയിട്ടുള്ളത്. കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി, വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് കേസിൽ കക്ഷികളായവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുള്ളത്.

സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി, ഐ.ടി സെക്രട്ടറി, പ്രിൻസിപ്പൾ സെക്രട്ടറി, സ്പ്രിങ്ക്ളർ കമ്പനി, കമ്പനി ഉടമ രാഗി തോമസ്, മ്യൂസിയം പോലീസ്, ഡി.ജി.പി, വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ഡയറക്ടർ എന്നിങ്ങനെ 8 പേർക്കാണ് കോടതി നോട്ടീസ് അയച്ചിട്ടുള്ളത്. സ്പീഡ് പോസ്റ്റായും, ഇ മെയിലായും നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് നോട്ടിസ് അയക്കുന്ന കാര്യം കോടതി പിന്നീട് പരിഗണിക്കും.

ഹർജിക്കാരനും, കേസിലെ മറ്റ് കക്ഷികൾക്കും കോടതി നോട്ടീസയച്ചിട്ടില്ല. ഇതു സംബന്ധിച്ച് മറ്റുള്ളവർ നൽകിയ ഹർജികളും കോടതി ഫയലിൽ സ്വികരിച്ചിട്ടുണ്ട്. സ്പ്രിങ്ക്ളർ കരാറിൽ സർക്കാരിനെ കുറ്റപ്പെടുത്തിയും, മുന്നറിയിപ്പ് നൽകിയും, വിമർശിച്ചുമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ തൽക്കാലം കരാറിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, കർശന ഉപാധികളാടെ സ്പ്രിങ്ക്ളറിന്  വിവരങ്ങൾ കൈമാറാൻ സർക്കാരിന് അനുമതി നൽകി ഇടക്കാല ഉത്തരവിടുകയായിരുന്നു.

വ്യക്തികളുടെ സമ്മതം നേടിയതിനു ശേഷം മാത്രമേ ഡാറ്റ ശേഖരിക്കാൻ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. മൂന്നാഴ്ചയ്ക്ക് ശേഷം ഹർജികൾ വീണ്ടും കോടതി പരിഗണിക്കും. ഇതിൻ്റെ ഭാഗമായിട്ടാണ് കോടതി സർക്കാരിനും കമ്പനിക്കുമടക്കം നോട്ടീ്സ് അയച്ചിട്ടുള്ളത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ ഇടക്കാല ഉത്തരവിട്ടത്.