സ്ഥിരപ്പെടുത്തുന്നത് എന്തടിസ്ഥാനത്തില്‍ ? സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Jaihind News Bureau
Wednesday, February 17, 2021

 

കൊച്ചി : താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ നടപടിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന് കോടതി ആരാഞ്ഞു. പത്ത് ദിവസത്തിനകം സർക്കാർ നിലപാട് അറിയിക്കണം. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എതിരെ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉദ്യോഗാര്‍ഥികള്‍ കാത്ത് നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് ഹര്‍ജി നല്‍കിയത്. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നിഷേധിച്ച് താല്‍ക്കാലികക്കാര്‍ക്ക് നിയമനം നല്‍കുന്നത് ഉമാദേവി കേസിലെ സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും ചട്ടങ്ങളുണ്ടോ എന്ന് ചോദിച്ച ഹൈക്കോടതി വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. പത്ത് ദിവസത്തിനകം സർക്കാർ വിശദീകരണം നല്‍കണം. നേരത്തെ പിൻവാതിൽ നിയമനത്തിലൂടെ കേരള ബാങ്കിൽ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ഹൈക്കോടതി തടഞ്ഞിരുന്നു.  പി.എസ്‌.സി ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥിയുടെ ഹർജിയില്‍ 1850 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഉള്ള നീക്കമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.