ഹൈക്കോടതി നിരീക്ഷണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി: മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്പ്രിങ്ക്ളര്‍ ഇടപാടില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരമായി ധാര്‍ഷ്ട്യത്തോടെ തെളിവ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തെളിവുകളുമായി ഹൈക്കോടതിയ്ക്ക് മുന്നില്‍ എത്തേണ്ട സ്ഥിതി വിശേഷമാണ് ഉണ്ടായതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കേരളീയ പൊതുസമൂഹത്തിന്‍റെ ആശങ്കകള്‍ പൂര്‍ണ്ണമായും ശരിവയ്ക്കുന്നതാണ് സ്പ്രിങ്ക്ളര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പ്രാഥമിക നീരീക്ഷണങ്ങള്‍. വ്യക്തികളുടെ സ്വകാര്യ ഡാറ്റാ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കയാണ് പ്രധാനമായും ഹൈക്കോടതി പ്രകടിപ്പിച്ചത്. ഹൈക്കോടതിയുടെ വിമര്‍ശനങ്ങളെ നിസാരമായി കാണാന്‍ കഴിയില്ല. കരാറിന്‍റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവയ്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. നിയമവ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വിധത്തിലാണ് ഹൈക്കോടതി നടത്തിയ നിരീക്ഷണം.

നിയമവകുപ്പിന്‍റെ ഉപദേശം എന്തുകൊണ്ട് തേടിയില്ലെന്ന കോടതിയുടെ ചോദ്യം ഏറെ പ്രസക്തമാണ്. തുടക്കം മുതല്‍ താനും പ്രതിപക്ഷ നേതാക്കളും ഈ ഇടപാടിലെ ഇത്തരം ക്രമക്കേടുകളാണ് ചൂണ്ടിക്കാട്ടിയത്. ഈ ചോദ്യങ്ങളെല്ലാം അവഗണിക്കുന്നുവെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇതേ ചോദ്യങ്ങള്‍ ഹൈക്കോടതിയില്‍ നിന്നും വന്നതോടെ കരാറിലെ ഒളിച്ചുവയ്ക്കപ്പെട്ട പല കാര്യങ്ങളും പുറത്തുവരാന്‍ അവസരമൊരുക്കി. തുടക്കം മുതല്‍ സ്പ്രിങ്ക്ളര്‍ ഇടപാടുമായി പലതും ഒളിച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അതിനേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ പ്രാഥമിക നിരീക്ഷണങ്ങളെന്നും മുല്ലപ്പള്ളി പറഞ്ഞു.

mullappally ramachandranHigh Court of KeralacoronaCovid 19
Comments (0)
Add Comment