രാജീവ് ഗാന്ധി വധക്കേസിൽ 25 വർഷമായി തടവ് ശിക്ഷ അനുഭവിക്കുന്ന പേരറിവാളൻ, നളിനി ഉൾപ്പടെ ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. തമിഴ്നാട് സർക്കാരിന്റെ ശുപാർശയിൽ പ്രതികളുടെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. കേസിൽ എല്ലാ കുറ്റവാളികളെയും വിട്ടയക്കാൻ തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ച പ്രമേയം ഇപ്പോഴും ഗവർണറുടെ പരിഗണനയിലാണ്.
1991 മേയ് 21-ന് ചാവേർ സ്ഫോടനത്തിലൂടെ മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ വധിച്ച കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത് പേരറിവാളൻ, നളിനി ഉൾപ്പടെ ഏഴ് പേർക്കാണ്. നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ലാണ് തമിഴ്നാട് സർക്കാർ ജീവപര്യന്തമായി കുറച്ചത്.