‘സുരേഷ് ഗോപി സഞ്ചരിച്ചതും ഹെലികോപ്ടറില്‍, പണം കടത്തിയോ എന്ന് സംശയിക്കുന്നു’ ; അന്വേഷിക്കണമെന്ന് പത്മജ വേണുഗോപാല്‍

Saturday, June 5, 2021

തൃശൂർ : സുരേഷ് ഗോപി എം.പി ഹെലികോപ്ടര്‍ വഴി പണം കടത്തിയോ എന്ന് അന്വേഷിക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാല്‍. സുരേഷ് ഗോപിയും ഹെലികോപ്ടറിലാണ് തൃശൂരിൽ വന്നതും പോയതും. പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവിൽ ഇതെല്ലാം കാണിച്ചിട്ടുണ്ടോയെന്നും അവർ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

https://www.facebook.com/padmajavenugopalthrissur/photos/a.103033681865971/147897520712920

അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിക്ക് കുരുക്ക് മുറുകുന്നു. പ്രതി ധര്‍മരാജനെ അറിയാമെന്ന് സുരന്ദ്രന്റെ ഡ്രൈവറും സഹായിയും മൊഴി നല്‍കി. പലവട്ടം ഫോണില്‍ വിളിച്ചു. സുരേന്ദ്രനും പരിചയമുണ്ടെന്നും ഇരുവരും പറഞ്ഞു. ബിജെപി യുടെ പണമിടപാടുകളിൽ ഒരു ബന്ധവും ഇല്ലെന്ന് ഇരുവരും മൊഴി നൽകി. അതേസമയം കവർച്ചാ കേസിൽ സിപിഎം പ്രവർത്തകൻ റെജിലിനെയും ഇന്ന് ചോദ്യം ചെയ്തു.

കുഴൽപ്പണക്കേസിന്റെ അന്വേഷണം ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനിലേക്ക് കൂടുതൽ അടുക്കുകയാണ്. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനേയും ഡ്രെെവര്‍ ലെബീഷിനേയും രണ്ടര മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തു. കുഴൽപ്പണ കേസിൽ ഉൾപ്പെട്ട ധർമ്മരാജനെ വിളിച്ചത് തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനാണ് എന്ന ബിജെപി നേതാക്കളുടെ മൊഴി അവർത്തിക്കുകയായിരുന്നു ഇരുവരും. ധർമരാജൻ തിരഞ്ഞെടുപ്പ് സാമഗ്രികൾ ഒന്നും വിതരണം ചെയ്തിട്ടില്ലെന്ന് ചൂണ്ടികാട്ടിയപ്പോൾ അതേ കുറിച്ച് അറിയില്ലെന്ന് ഇരുവരും വിശദീകരിച്ചു. കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കാലത്തെ യാത്രകളും പരിപാടികളും സംബന്ധിച്ച വിവരങ്ങളും ചോദിച്ചറിഞ്ഞു.

അതിനിടെയാണ് കവർച്ചാ കേസിൽ സി പി എം പ്രവർത്തകൻ റെജിലിനെ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. മുഖ്യപ്രതി രഞ്ജിത്തിന്റെ ഫോൺ കോളുകൾ പരിശോധിച്ചതിൽ നിന്നാണ് കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശിയായ റെജിലിലേക്ക് അന്വേഷണം എത്തിയത്. കവർച്ചക്ക് ശേഷം സഹായത്തിനായി രഞ്ജിത്ത് റെജിലിനെ സമീപിച്ചിരുന്നു. കവർച്ചാ പണത്തിൽ നിന്നും രണ്ട് ലക്ഷം രൂപ റെജിലിന് നൽകിയതായും സംശയിക്കുന്നു. രണ്ട് ബിജെപി പ്രവർത്തകരെ വധിച്ച കേസിലെ പ്രതിയാണ് സിപിഎം പ്രവർത്തകനായ റെജിൽ.