കണ്ണൂർ: ഹാത് സെ ഹാത് ജോഡോ ഗൃഹസന്ദർശന പരിപാടിക്ക് കണ്ണൂർ ജില്ലയിൽ തുടക്കമായി. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ബർണശേരിയിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി നിർവഹിച്ചു. പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം വീടുകൾ സന്ദർശിച്ച് പ്രദേശവാസികളുമായി സംസാരിച്ചാണ് കെപിസിസി പ്രസിഡന്‍റ് മടങ്ങിയത്.
അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റിയുടെ ആഹ്വാനപ്രകാരം ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായാണ് ഹാത് സെ ഹാത് ജോഡോ അഭിയാൻ കോൺഗ്രസ് സംഘടിപ്പിക്കുന്നത്. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് അധ്യക്ഷനായ ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, പി.എം നിയാസ്, വി.എ നാരായണൻ, മേയർ ടി.ഒ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കണ്ണൂർ കന്‍റോൺമെന്‍റ് ഏരിയയിലെ വീടുകളിൽ കെപിസിസി പ്രസിഡന്‍റ് സന്ദർശനം നടത്തി വീടുകളിൽ ലഘുലേഖ വിതരണം ചെയ്യുകയും വീട്ടുകാരുമായി സംസാരിക്കുകയും ചെയ്തു.
വിലക്കയറ്റം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ജനങ്ങൾ കെ സുധാകരൻ എംപി യുമായി പങ്കുവെച്ചു. കനത്ത വെയിലിനെയും അവഗണിച്ച് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജും വിവിധ ഡിസിസി ഭാരവാഹികളും പോഷക സംഘടനാ നേതാക്കളും കെപിസിസി പ്രസിഡന്‍റിനൊപ്പം ഗൃഹസന്ദർശനത്തിൽ പങ്കാളികളായി. വരും ദിവസങ്ങളിൽ ജില്ലയിലെ വീടുകളിൽ കോൺഗ്രസ് പ്രവർത്തകർ സന്ദർശനം നടത്തും.