ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചതോടെ ആദ്യമണിക്കൂറില്‍ തന്നെ സംസ്ഥാനത്തിന്‍റെ പലയിടത്തും അക്രമസംഭവങ്ങള്‍ അരങ്ങേറുന്നു. കോഴിക്കോട് ഹര്‍ത്താല്‍ അനുകൂലികള്‍ വഴി തടയുകയാണ്. ടയറുകള്‍ കത്തിച്ചും റോഡില്‍ കല്ലുകള്‍ നിരത്തിയുമാണ് വഴി തടയല്‍. കണ്ണൂരില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ കടകള്‍ അടപ്പിച്ചു. കണ്ണൂരില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നിന്ന് അഞ്ചുസര്‍വ്വീസുകള്‍ ആരംഭിച്ചെങ്കിലും പയ്യന്നൂരില്‍ കല്ലേറുണ്ടായതോടെ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു.
ആശുപത്രികളിലേക്ക് പോകാനായി റെയില്‍വേ സ്‌റ്റേഷനുകളില്‍ വന്നിറങ്ങിയ ജനങ്ങള്‍ യാത്ര ചെയ്യാനാകാതെ റെയില്‍വേ സ്‌റ്റേഷനില്‍ കുടുങ്ങിക്കിടക്കുകയാണ്. പയ്യന്നൂർ എടാട്ട് രണ്ട് കെ എസ് ആർ ടി സി ബസ്സുകൾക്ക് നേരെ കല്ലേറ്. ചില്ലുകൾ എറിഞ്ഞുതകർത്തു. കണ്ണൂരില്‍ ഒമ്പത് ഹര്‍ത്താല്‍ അനുകൂലികള്‍ അറസ്റ്റിലായിട്ടുണ്ട്.
കൊയിലാണ്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെയും കാറിന്റെയും ചില്ലെറിഞ്ഞ് തകര്‍ത്തു. സി.ഐയുടെ വാഹനത്തിനുനേരെയും കല്ലേറുണ്ടായി. പാലക്കാട് വെണ്ണക്കരയില്‍ സി.പി.എം നിയന്ത്രണത്തിലുള്ള വായനശാല എറിഞ്ഞുതകര്‍ത്തു. ഹര്‍ത്താലിനിടെയുണ്ടായ അക്രമണങ്ങള്‍ കണ്ണൂരില്‍ അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ബസുകള്‍ക്ക് നേരെ വ്യാപക അക്രമങ്ങളാണ് സംസ്ഥാനത്തൊട്ടാകെ ഇന്നലെ രാത്രിമുതല്‍ ഉണ്ടാകുന്നത്. ഇന്നലെ രാത്രിമുതല്‍ സര്‍വ്വീസ് നടത്താന്‍ ശ്രമിച്ച 57 ബസുകള്‍ എറിഞ്ഞു തകര്‍ത്തുവെന്നാണ് പ്രാഥമിക കണക്കുകള്‍.