പുണ്യദിനത്തിൽ സംഘപരിവാർ ഹർത്താൽ, ഭക്തരടക്കമുള്ളവർ വലയുന്നു, രാഷ്ട്രീയ മുതലെടുപ്പിന് ബി.ജെ.പിയും

മണ്ഡലപൂജയ്ക്കായി നട തുറക്കുന്ന വൃശ്ചിക പുലരിയിൽ സംസ്ഥാനത്താകെ ഹർത്താൽ പ്രഖ്യാപിച്ച സംഘപരിവാറിനും ബി.ജെ.പിക്കുമെതിരെ ജനരോഷമുയരുന്നു. സംഘപരിവാർ നേതാവ് കെ.പി ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാത്രി ഏറെ വൈകി പ്രഖ്യാപിച്ച ഹർത്താൽ പൊതുസമൂഹത്തിന് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. അക്രമഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയും സർവീസ് നിർത്തിവെച്ചതോടെയാണ് യാത്രക്കാർ വലഞ്ഞത്.

ശബരിമല യുവതീപ്രവേശന വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിലയുറപ്പിക്കുന്നുവെന്ന വ്യാജേന രാഷ്ട്രീയ മുതലെടുപ്പിനുള്ള അടവുനയമാണ് ബി.ജെ.പി – ആർ.എസ്.എസ് സംഘപരിവാരങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി പുണ്യഭൂമിയായ ശബരിമലയെ സംഘർഷഭരിതമാക്കാൻ സി.പി.എമ്മിനൊപ്പം ബി.ജെ.പിയും ആർ.എസ്.എസും ഗൂഢപദ്ധതി തയാറാക്കിയിട്ടുണ്ടെന്നതാണ് വസ്തുത. ഇതിന്‍റെ ഭാഗമായാണ് തുലാമാസ പൂജകൾക്കായി നടതുറന്നപ്പോൾ ശബരിമല പൂങ്കാവനത്തിൽ പൊലീസും  സംഘപരിവാർ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്.

മാധ്യമപ്രവർത്തകർക്ക് നേരെയും അവരുടെ വാഹനങ്ങൾക്ക് നേരെയും നടത്തിയ അക്രമത്തിനു ശേഷം പൊലീസുമായുണ്ടായ സംഘർഷത്തെ തുടർന്ന് പിറ്റേന്ന് മഹാനവമി ദിനത്തിലും സംഘപരിവാർ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. നിലയ്ക്കലിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങൾ പൊലീസ് തല്ലിത്തകർത്തുകൊണ്ട് മന:പൂർവ്വം പ്രകോപനം സൃഷ്ടിച്ചപ്പോൾ പൊലീസിന് നേരെ കല്ലെറിഞ്ഞും അസഭ്യവർഷം മുഴക്കിയും സംഘപരിവാറും ബി.ജെ.പിയും തന്ത്രപൂർവ്വം സംഘർഷ സാഹചര്യം സൃഷ്ടിച്ചെടുത്തു. ഇതിനോട് അനുകൂലമായി നിലപാടെടുത്ത ഇടതുസർക്കാരിന്റെ പൊലീസും അവിടെ ലാത്തിവീശിയതോടെ ശബരിമല സംഘർഷഭൂമിയായി. ഇതേത്തുടർന്ന് ശബരിമലയിൽ ഭക്തരെ തല്ലിച്ചതച്ചുവെന്ന വാർത്ത സൃഷ്ടിച്ച് സംഘപരിവാർ ചാനലും ഒപ്പം ചേർത്തു. മറ്റ് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും മർദിച്ചും പിന്തിരിപ്പിച്ച സംഘപരിവാർ നടപടിയെ ബി.ജെ.പിക്ക് തള്ളിപ്പറയേണ്ടിയും വന്നു.

ശബരിമലയിലെ ആചാര സംരക്ഷണത്തിന്‍റെ പേരിൽ പൂങ്കാവനത്തെ ചിത്തിരആട്ട വിശേഷത്തിന് നട തുറക്കുമ്പോൾ വീണ്ടും സംഘർഷഭരിതമാക്കാൻ ആർ.എസ്.എസ് തയാറെടുത്തിരുന്നു. ഇതിന്‍റെ ഭാഗമായി ഒട്ടേറെ ക്രിമിനൽ മകസുകളിൽ പ്രതിയായ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയെ രംഗത്തിറക്കി. സന്നിധാനത്ത് തമ്പടിച്ച തില്ലങ്കേരിയും മറ്റ് സംഘപരിവാർ പ്രവർത്തകരും ചേർന്ന് ആചാരസംരക്ഷണമെന്ന പേവിൽ അക്രമം ആസുത്രണം ചെയ്‌തെന്നും കരുതപ്പെടുന്നു. കൊച്ചുമകൾക്ക് ചോറുകൊടുക്കാൻ സന്നിധാനത്തെത്തിയ അമ്പത് വയസ് കഴിഞ്ഞ ഭക്തയെ തടഞ്ഞ സംഘപരിവാർ പ്രവർത്തകർ അവർക്ക് നേരെ വലിയ നടപ്പന്തലിനുള്ളിൽ നിന്നും അസഭ്യവർഷവും വധഭീഷണിയും മുഴക്കി. തിക്കിലും തിരക്കിലുംപെട്ട ഇവർ വസ്തുതകൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും സംഘപരിവാർ പ്രവർത്തകർ അടങ്ങിയില്ല. അവസാനം വയസ് തെളിയിക്കുന്ന രേഖ പരിശോധിച്ച് പൊലീസ് ഉറപ്പ് നൽകിയതോടെ പ്രതിഷേധക്കാർ പിൻവാങ്ങി.

ഇതിനിടെ പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ വത്സൻ തില്ലങ്കേരി ഇരുമുടിയില്ലാതെ പതിനെട്ടാം പടിയില്‍ കയറിനിന്ന് ആചാരം ലംഘിക്കുകയും ചെയ്തു. നിലവിൽ സംഘപരിവാർ നേതാവ് കെ.പി ശശികലയുടെ അറസ്റ്റ് രാഷ്ട്രീയ ആയുധമാക്കി നേട്ടം കൊയ്യാനുള്ള ശ്രമത്തിന്‍റെ ഭാഗമായി വലയുന്നതും വിശ്വാസി സമൂഹമാണ്. ആചാരം പാലിച്ച് ശബരിമലയിലെത്തി ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ സംഘർഷസാധ്യത മൂലം ദർശനത്തിന് എത്താൻ മടിക്കുന്ന സ്ഥിതിയാണുള്ളത്.

കെ.പി ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സംഘപരിവാർ രാത്രി ഏറെ വൈകി ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ സംസ്ഥാനത്തു പ്രഖ്യാപിച്ച ഹർത്താൽ കാരണം മാറ്റിയ പരീക്ഷകളും പരിപാടികളും:

ശനിയാഴ്ചത്തെ ഹയർ സെക്കന്‍ഡറി തുല്യതാ പരീക്ഷ നവംബർ 26 ലേക്ക് മാറ്റിയതായി ഹയർ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

കണ്ണൂർ സർവകലാശാല ശനിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ ഹർത്താൽ കാരണം മാറ്റി.

വയനാട് ജില്ലാ സ്‌കൂൾ കലോൽസവം ഞായറാഴ്ചത്തേക്ക് മാറ്റി.

കോട്ടയം ജില്ലാ സ്‌കൂൾ കലോത്സവ പരിപാടികൾ അതേ വേദികളിൽ അതേ സമയം തിങ്കളാഴ്ച നടത്തുന്നതായിരിക്കും എന്ന് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

കേരള സർവകലാശാല വിദൂര വിദ്യാഭാസ വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ സമ്പർക്ക ക്ലാസുകളും മാറ്റിവെച്ചു.

തിരുവനന്തപുരം റവന്യൂ ജില്ലാ ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകൾ തിങ്കളാഴ്ചത്തേക്ക് മാറ്റിയതായി പൊതു വിദ്യാഭ്യാസ ഉപഡയക്ടർ അറിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ, എസ്.ഐ.ഇ.ടി നേതൃത്വത്തിൽ തൃശൂർ ഗുരുവായൂരിലെ ശ്രീകൃഷ്ണ കോളേജ്, നാട്ടികയിലെ എസ്എന്‍ കോളേജ്, തിരുവനന്തപുരത്തെ എം.ജി കോളേജ് എന്നിവിടങ്ങളിൽ നടത്താന്‍ നിശ്ചയിച്ചിരുന്ന ത്രിദിന ശാസ്ത്ര ശില്പശാല 18,19,20 തീയതികളിൽ നടത്തും.

Sabarimalak.p sasikalahindu aikya vedi
Comments (0)
Add Comment