സിപിഎം വിമതനായി മത്സരിച്ചു; വ്യാജ രേഖ ചമച്ച് ആനുകൂല്യങ്ങൾ തടയാൻ ശ്രമമെന്ന് പരാതി

Jaihind Webdesk
Saturday, June 29, 2019

തെരഞ്ഞെടുപ്പിൽ വിമതനായി മത്സരിച്ച സ്ഥാനാർത്ഥിക്കെതിരെ വ്യാജ രേഖ ചമച്ച് ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ സി.പി.എം ശ്രമിച്ചെന്ന് പരാതി. മലപ്പുറം അങ്ങാടിപ്പുറം വലമ്പൂർ രാവുണ്ണിയാണ് പരാതിക്കാരൻ. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പോലീസിൽ നൽകിയ പരാതിയിൻ മേലുള്ള അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.

സി.പി.എമ്മിൻറെ സജീവ പ്രവർത്തകനായിരുന്ന അങ്ങാടിപ്പുറം വാകശ്ശേരി വീട്ടിൽ രാവുണ്ണി 2015 ൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മലപ്പുറം അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂർ അഞ്ചാം വാർഡിൽ നിന്നാണ് വിമതനായി മത്സരിച്ചത്. അഞ്ച് വർഷം സംസ്ഥാനവും, പഞ്ചായത്തും സി.പി.എം ഭരിക്കുമ്പോൾ ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും ലഭിക്കില്ലെന്നും അതിന് ഏതറ്റം വരെയും പോകുമെന്നും പ്രാദേശിക സി.പി.എം നേതാക്കൾ രാവുണ്ണിയെ ഭീഷണിപ്പെടുത്തി. ഈ ഭീഷണി പ്രാവർത്തികമാക്കുകയായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ സി.പി.എം.

2016-2017 വർഷത്തിൽ പെരിന്തൽമണ്ണ ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർക്ക് ഭവന നിർമ്മാണ സഹായത്തിന് രാവുണ്ണി അപേക്ഷ നൽകി. അപേക്ഷ പരിഗണിക്കാനിരിക്കെ ഈ സഹായം പട്ടികജാതി വികസന ഓഫീസ് തടഞ്ഞു.

രാവുണ്ണിക്ക് വീടുണ്ടെന്ന് കാണിച്ച് പരാതി ലഭിച്ചെന്ന് പഞ്ചായത്തിന്‍റെ രേഖാ മൂലമുള്ള കത്തിൻറെ അടിസ്ഥാനത്തിലാണ് സഹായം തടഞ്ഞത്. വിവരാവകാശ നിയമം വച്ച് കത്തിൻറെ നിജ സ്ഥിതിയെ കുറിച്ച് രാവുണ്ണി പഞ്ചായത്തിൽ അന്വേഷിച്ചപ്പോഴാണ് കത്ത് വ്യാജ മെന്ന് ബോധ്യപ്പെട്ടത്. പഞ്ചായത്തിൻറെ പേരിൽ ലെറ്റർ പാഡും, സീലും ഉണ്ടാക്കി തനിക്കെതിരെ വ്യാജ രേഖ ചമച്ചവർക്കെതിരെ പട്ടിക ജാതി നിയമപ്രകാരം കേസെടുക്കണമെന്ന് കാണിച്ച് 2018 ഫെബ്രുവരി 10ന് രാവുണ്ണി പെരിന്തൽമണ്ണ ഡി.വൈ.എസ്.പിക്ക് പരാതി നൽകി. കേസെടുക്കാൻ മടി കാണിച്ചപ്പോൾ ജില്ലാ പോലീസ് മേധാവിയെ സമീപിച്ചു.ഇതോടെ യാണ് പോലീസ് കേസെടുത്തത്. കേസെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. അന്വേഷണത്തിനു മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നാണ് ലഭിക്കുന്ന സൂചന.