Harmanpreet_Kaur| ഹൃദയത്തിലും ശരീരത്തിലും മായാതെ ലോകകപ്പ് കിരീടം! ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗറിന് ഇത് സ്വപ്നസാക്ഷാത്കാരം

Jaihind News Bureau
Wednesday, November 5, 2025

മുംബൈ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഏകദിന ലോകകപ്പ് കിരീട നേട്ടം ഓരോ ക്രിക്കറ്റ് ആരാധകന്റെയും ഹൃദയത്തില്‍ ആഴത്തില്‍ തൊട്ട വിജയമാണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വനിതകള്‍ നേടിയ കന്നി ലോകകപ്പ് കിരീടത്തിന്റെ ആരവങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഈ ചരിത്ര വിജയത്തിന് ദിവസങ്ങള്‍ക്കു ശേഷം, നായിക ഹര്‍മന്‍പ്രീത് കൗര്‍ ആ അമൂല്യ നേട്ടം തന്റെ ശരീരത്തിലും പച്ചകുത്തിയിരിക്കുകയാണ്.

‘എന്റെ ശരീരത്തിലും ഹൃദയത്തിലും എന്നെന്നേക്കുമായി കൊത്തിവച്ചിരിക്കുന്നു. ആദ്യ ദിവസം മുതല്‍ നിനക്കുവേണ്ടി കാത്തിരുന്നു, ഇനി എല്ലാ ദിവസവും രാവിലെ നിന്നെ കാണും’ – ഇടത് കൈയില്‍ ലോകകപ്പ് ട്രോഫിയുടെ ടാറ്റൂ പതിപ്പിച്ച ശേഷം ഹര്‍മന്‍പ്രീത് ഇന്‍സ്‌ററയില്‍ കുറിച്ച വാക്കുകളാണിത്.

ലോകകപ്പ് ട്രോഫി കൈമുട്ടിന് മുകളിലായി ടാറ്റൂ ചെയ്ത ചിത്രം ഹര്‍മന്‍പ്രീത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ആരാധകരും ആവേശം കൊണ്ടു. 2017-ലെ ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിലും ഹര്‍മന്‍പ്രീത് അംഗമായിരുന്നു. അന്നത്തെ കണ്ണീരിന് ഈ വിജയം മധുരപ്രതികാരമായി മാറി. ലോകകപ്പ് വിജയത്തിന് പിന്നാലെ ഹര്‍മന്‍പ്രീത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരവധി പോസ്റ്റുകളും റീലുകളും പങ്കുവെച്ച് സന്തോഷം ആരാധകരുമായി പങ്കിട്ടിരുന്നു. ഈ ടാറ്റൂ ഹര്‍മന്‍പ്രീതിന്റെ കായിക ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തിന്റെ ദൃശ്യപരമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്