പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാവുന്നു

Monday, January 21, 2019

ഗുജറാത്തില്‍ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാവുന്നു. സുരേന്ദ്രനഗര്‍ ജില്ലയിലെ ദിഗ്‌സറില്‍ ജനുവരി 27 നാണ് വിവാഹം. ഹാര്‍ദിക്കിന്‍റെ ബാല്യകാല സുഹൃത്തും സഹോദരിയുടെ സഹപാഠിയുമായ കിഞ്ചല്‍ പരീഖിനാണ് ഹാര്‍ദിക് താലി ചാര്‍ത്തുന്നത്. കൊമേഴ്‌സ് ബിരുദധാരിയായ കിഞ്ചല്‍ ഇപ്പോള്‍ എല്‍.എല്‍.ബി വിദ്യാര്‍ഥിയാണ്.

വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ദിഗ്‌സറിലെ കുടുംബക്ഷേത്രത്തിലാണ് വിവാഹച്ചടങ്ങുകള്‍.

പട്ടേല്‍ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിരാഹാര സമരം നടത്തുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്ത ഹാര്‍ദിക് വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എതിര്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന തരത്തിലും വാര്‍ത്തകളുണ്ട്.