തലശേരി നഗരസഭയുടെ പീഡനം; ഗതികെട്ട് നാടുവിട്ട ദമ്പതികളെ കണ്ടെത്തി

 

കണ്ണൂർ: ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശേരി നഗരസഭ പൂട്ടിട്ടതോടെ ഗതികേടിലായി നാടുവിട്ട ദമ്പതികളെ കണ്ടെത്തി. കോയമ്പത്തൂരിൽ നിന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്. ഇന്നുതന്നെ ഇവരെ കണ്ണൂരിലെത്തിക്കും. നാടുവിട്ട രാജ് കബീറിനെയും ഭാര്യ ശ്രീവിദ്യയെയുമാണ് കോയമ്പത്തൂരില്‍ നിന്നാണ് കണ്ടെത്തിയത്.

ഫര്‍ണിച്ചര്‍ കട പൂട്ടാനുള്ള തലശേരി നഗരസഭ അധികൃതരുടെ നോട്ടീസിനെ തുടര്‍ന്ന് നാടുവിട്ടെന്നായിരുന്നു പരാതി. മൊബൈൽ ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. ഇരുവരെയും ട്രെയിൻ മാർഗം തലശേരിയിൽ എത്തിക്കും. തലശേരി വ്യവസായ പാർക്കിലെ ഫർണിച്ചർ നിർമ്മാണ യൂണിറ്റാണ് നഗരസഭ അധികൃതർ പൂട്ടിച്ചത്. നഗരസഭയിൽ നിന്ന് നേരിട്ടത് കടുത്ത പീഡനമെന്ന് വ്യവസായിയുടെ സഹോദരൻ രാജേന്ദ്രൻ തായാട്ട് പറഞ്ഞു. നഗരസഭാ അധികൃതരുടെ പീഡനത്തിനെതിരെ ദമ്പതികള്‍ കത്തെഴുതിവെച്ചിട്ടാണ് നാടുവിട്ടത്.

മുൻസിപ്പൽ അധികൃതരുടെ നിരന്തമായ പീഡനങ്ങളും പിഴയും നിമിത്തം കഴിഞ്ഞ ഒരു മാസത്തിലേറെയായി അധികൃതർ സീൽ ചെയ്ത നടപടി പ്രകാരം ഞങ്ങളുടെ കണ്ടിക്കൽ വ്യവസായ എസ്റ്റേറ്റിലെ സ്ഥാപനവും പത്ത് തൊഴിലാളികളും ഞങ്ങളും ഒരു വരുമാനവമില്ലാതെ തെരുവിലായിരിക്കയാണ്. നിരവധി തവണ ചെയർമാനേയും വൈസ് ചെയർമാനേയും കണ്ട് ദയക്ക് വേണ്ടി അപേക്ഷിച്ചെങ്കിലും യാതൊരു ദയയും അവർ നല്‍കിയില്ലെന്ന് മാത്രമല്ല ലൈസൻസ് റദ്ദ് ചെയ്ത് സ്ഥാപനം സ്ഥിരമായി അടച്ചിടുന്നതിലേക്ക് കാര്യങ്ങൾ മാറുകയായിരുന്നുവെന്ന് കത്തിൽ പറയുന്നു.

എല്ലാവർക്കും നീതി കിട്ടുമെന്നു ഉറച്ച് വിശ്വസിക്കുണ ഞങ്ങൾക്ക് ബഹുമാനപ്പെട്ട ഹൈക്കോടതി നീതി നൽകി. 19 -08-2022 ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ ലൈസൻസ് റദ്ദാക്കിയത് സ്റ്റേ നൽകി. തുറന്ന് പ്രവർത്തിക്കാനും അധിക്യതരോട് തുറന്ന് കൊടുക്കാനും ഉത്തരവിറക്കി, തുകയായി ഒരു 41600/- രൂപ നഗരസഭയിൽ നൽകി.ഈ ഉത്തരവ് ഒന്നും നഗരസഭ പരിഗണിച്ചില്ലെന്ന് മാത്രമല്ല ബഹുമാനപ്പെട്ട ഹൈക്കോടതി വിധിയെ പരിഹസിക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് ചില അധികൃതരുടെ അടുത്ത് നിന്ന് ഉണ്ടായതെന്നും കത്തിൽ വ്യക്തമാക്കുന്നു.

ഈ സമയം വരെ നഗരസഭ ഉത്തരവ് തന്നില്ലെന്ന് മാത്രമല്ല വീണ്ടും പല കാരണങ്ങൾ പറഞ്ഞ് നിങ്ങളെ പൂട്ടിക്കാനും ഞങ്ങൾക്ക് കഴിയും എന്ന് ഒരു താക്കീതും തന്നു. ഭീഷണിയും പകപോക്കലും തുടരുന്നതിനാൽ ഞങ്ങൾ ആകെ ഭയന്നിരിക്കയാണ്. ചെയർമാനും വൈസ് ചെയർമാനും റവന്യൂ സുപ്രണ്ടും ക്ലാർക്കും ഞങ്ങൾ കോടതിയിൽ പോയി ഉത്തരവ് വാങ്ങിച്ചതിന് ഭീഷണി സ്വരത്തിൽ മറുപടി പറയുകയാണുണ്ടായത്. ഞങ്ങളാകെ ഭയന്നിരിക്കയാണ്. 18 വർഷമായി നന്നായി നടന്ന ഞങ്ങളുടെ ബിസിനസ് തകർന്നിരിക്കയാണ് തകർത്തിരിക്കയാണ്. ഒരു രക്ഷയുമില്ല വ്യവസായത്തിന്, മക്കളുടെ കാര്യം അവർ തന്നെ നോക്കട്ടെ
അധികൃതരുടെ ക്രൂരമായ നടപടി ഇനി നമുക്ക് തങ്ങാനാവില്ല. ഞങ്ങൾ പോവുന്നു ,
ഞങ്ങളെയിനി അന്വേഷിക്കേണ്ട, ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ ഉത്തരവാദിത്വവും ഞങ്ങളെ ദ്രോഹിച്ചവർക്കാണെന്നും കത്തിൽ പറഞ്ഞിരുന്നു.

Comments (0)
Add Comment