പാതിവില തട്ടിപ്പ് കേസ്: മുഖ്യ പ്രതി ആനന്ദകുമാര്‍ കസ്റ്റഡിയില്‍

Jaihind News Bureau
Tuesday, March 11, 2025

പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ പ്രതി സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണു ക്രൈം ബ്രാഞ്ചിന്റെ നടപടി. പാതിവില തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരന്‍ ആനന്ദകുമാറാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. അതേസമയം കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആനന്ദ കുമാറിനെ ആശുപത്രിയിലേക്കു മാറ്റി.

ആനന്ദകുമാര്‍ ദേശീയ ചെയര്‍മാന്‍ ആയ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പു നടന്നിരിക്കുന്നത്. തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്ന ആനന്ദകുമാറിന്റെ വാദം പൊളിച്ചടുക്കിക്കൊണ്ടായിരുന്നു ക്രൈം ബ്രാഞ്ചിന്റെ അറസ്റ്റ്. മുഖ്യപ്രതിയായ അനന്തുകൃഷ്ണനില്‍നിന്ന് ആനന്ദ കുമാര്‍ ഓരോ മാസവും പണം കൈപ്പറ്റിയിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. സംസ്ഥാനത്ത് ഒട്ടാകെ സീഡ് സൊസൈറ്റികള്‍ രൂപീകരിച്ചു വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചു പകുതി വിലയ്ക്ക് വാഹനങ്ങള്‍, ലാപ്ടോപ്, തയ്യല്‍ മെഷീന്‍, രാസവളം എന്നിവ നല്‍കാമെന്നു പറഞ്ഞാണ് തട്ടിപ്പു നടത്തിയിരിക്കുന്നത്.