പാക് ഭീകരനേതാവ് ഹാഫിസ് സയ്യിദിനെ അറസ്റ്റ് ചെയ്തു

ലാഹോര്‍: ഭീകരസംഘടനയായ ലഷ്‌കര്‍ എ ത്വയ്യിബയുടെ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയ്യിദിനെ അറസ്റ്റ് ചെയ്തു. ലാഹോറില്‍ വെച്ച് പഞ്ചാബ് ഭീകരവിരുദ്ധ വിഭാഗമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഭീകരനേതാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും വിവരമുണ്ട്. പാക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുജറന്‍വാലയിലേക്കുളള യാത്രയ്ക്കിടെയാണ് അറസ്റ്റെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏത് കേസിലാണ് ഹാഫീസിനെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണമിടപാടുകേസില്‍ പ്രതിയാക്കിയതിനെ ചോദ്യംചെയ്ത് ഹാഫിസ് സയീദും കൂട്ടാളികളും നല്‍കിയ ഹര്‍ജിയില്‍ പാക് സര്‍ക്കാരിനും പഞ്ചാബ് പ്രവിശ്യാസര്‍ക്കാരിനും ഭീകരവിരുദ്ധ ഡിപ്പാര്‍ട്ട്‌മെന്റിനും ലഹോര്‍ ഹൈക്കോടതി നോട്ടീസയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടിനല്‍കാനാണ് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടത്. പാകിസ്താനില്‍ ജമാഅത്തുദ്ദവ അനധികൃതമായി ഭൂമി കൈയേറി മതപഠനശാലകള്‍ നടത്തുന്നുവെന്ന കേസില്‍ കഴിഞ്ഞ ദിവസം ഹാഫിസിനും 12 കൂട്ടാളികള്‍ക്കും ഓഗസ്റ്റ് 31 വരെ മുന്‍കൂര്‍ജാമ്യം നല്‍കിയിരുന്നു.

മുംബൈ ഭീകരാക്രമണം നടന്ന ഉടന്‍ തന്നെ ലഷ്‌കര്‍ എ ത്വയ്യിബ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. അമേരിക്കന്‍ പൗരനടക്കം മുംബൈ ഭീകരാക്രമണത്തില്‍ മരിച്ചിരുന്നു. ഹാഫിസ് സയ്യിദിനെ അറസ്റ്റ് ചെയ്യണമെന്ന് അമേരിക്ക അടക്കമുളള രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തേ പത്ത് മാസം നീണ്ട വീട്ടുതടങ്കലില്‍ നിന്ന് പാക് ജുഡീഷല്‍ റിവ്യൂ ബോര്‍ഡ് ഉത്തരവിനെ തുടര്‍ന്ന് ഹാഫിസ് സയിദ് സ്വതന്ത്രനായിരുന്നു. കോടതി ഉത്തരവ് ലഭിച്ച ഉടനെ ഹാഫിസ് സയ്യിദിന്റെ വീട്ടില്‍ നിന്നും ജയില്‍ അധികൃതര്‍ പിന്‍വാങ്ങിയിരുന്നു.

Comments (0)
Add Comment