ജിഎസ്ടി, വിലക്കയറ്റം: പാർലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; രാപ്പകല്‍ സമരം തുടർന്ന് സസ്പെന്‍ഷനിലായ എംപിമാർ

Jaihind Webdesk
Thursday, July 28, 2022

ന്യൂഡല്‍ഹി: ജിഎസ്ടി നിരക്ക് വര്‍ധന, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം പാടില്ലെന്ന നിര്‍ദ്ദേശം അവഗണിച്ച് പ്രതിപക്ഷ എംപിമാർ ജിഎസ്ടി നിരക്ക് വര്‍ധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ 12 മണി വരെ നിർത്തിവെച്ചു. അതിനിടെ രാഷ്ട്രപതിയെ അപമാനിച്ചു എന്നാരോപിച്ച് ബിജെപിയും ഇരുസഭകളിലും പ്രതിഷേധമുയർത്തി.

മാപ്പ് പറഞ്ഞാല്‍ എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്ന പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷിയുടെ ഉപാധി പ്രതിപക്ഷം തള്ളി. സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാർ  രാപ്പകല്‍ സമരം രണ്ടാം ദിവസവും തുടരുകയാണ്. ലോക്സഭയിലെയും രാജ്യസഭയിലെയും 24 എംപിമാരാണ് മൂന്നു ദിവസത്തിനിടെ അച്ചടക്ക നടപടി നേരിട്ടത്.