ചരക്ക് സേവന നികുതിയുടെ കോമ്പൗണ്ടിംഗ് പരിധി ഒന്നരക്കോടിയാക്കി

Jaihind Webdesk
Thursday, October 11, 2018

സാധാരണക്കാർക്ക് നികുതിഭാരം കുറച്ചുകൊണ്ട് ചരക്ക് സേവന നികുതിയുടെ കോമ്പൗണ്ടിംഗ് പരിധി ഒരു കോടിയായിരുന്നത് ഒന്നരക്കോടിയാക്കി ഉയർത്തുന്ന നിയമഭേദഗതി മന്ത്രിസഭായോഗം അംഗീകരിച്ചു.

ചരക്ക്‌സേവന നികുതിദായകരായ, ഒന്നര കോടിയിൽ താഴെ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് ഭേദഗതിയിലൂടെ കോമ്പൗണ്ടിംഗ് സമ്പ്രദായത്തിലേക്ക് മാറാം. ഇതുവഴി വിവിധ നികുതി സ്ലാബിലുള്ളവർക്ക് മൊത്തം വിറ്റുവരവിന്‍റെ ഒരു ശതമാനം തുക നികുതിയായി അടച്ചാൽ മതി. ചെറുകിട ഹോട്ടലുകാർക്കും കച്ചവടക്കാർക്കുമെല്ലാം ഇത് ബാധകമാകും.

ജി.എസ്.ടിയുടെ പേരിലുള്ള നികുതി ഉപഭോക്താവിൽ നിന്ന് ഈടാക്കുന്നത് ഇതിലൂടെ ഒഴിവാകും. ചെലവിനത്തിലുള്ള തുക നികുതിയിൽ കുറച്ച് കിട്ടുന്ന ഇൻപുട്ട് ക്രെഡിറ്റ് ടാക്‌സ് അടക്കമുള്ള ഇളവുകൾ വ്യാപാരികൾക്കുണ്ടാവില്ല.

2018ലെ കേന്ദ്ര ചരക്ക്‌സേവന നികുതി ഭേദഗതി നിയമത്തിന് അനുസൃതമായി തയാറാക്കിയ സംസ്ഥാന ചരക്ക് സേവന നികുതി ഭേദഗതി ബില്ലിന്റെ കരടാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇത് ഓർഡിനൻസായി ഇറക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. ഈ മാസം 15ന് മാറ്റം പ്രാബല്യത്തിൽ വരും.

https://youtu.be/UdG0CZ7WcUo