GST 2.0 | ജിഎസ് ടി 2.0 നാളെ മുതല്‍, രാജ്യത്തെ സാധാരണക്കാര്‍ നേരിടുന്ന വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും മറുപടിയില്ലാതെ മോദിയുടെ പ്രസംഗം

Jaihind News Bureau
Sunday, September 21, 2025

രാജ്യത്ത് ചരക്കു സേവന നികുതിയുടെ പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തിലാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. GST 2.0 യുടെ പ്രഖ്യാപനത്തോടെ രാജ്യത്ത് ഒരു പുതിയ സാമ്പത്തിക അധ്യായത്തിന് തുടക്കമായെന്ന് മോദി വിശേഷിപ്പിച്ചു. പരിഷ്‌കാരങ്ങള്‍ കുടുംബങ്ങളുടെ ഭാരം ലഘൂകരിക്കുക മാത്രമല്ല, നിക്ഷേപകരെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിക്കുകയും ചെയ്യുമെന്ന്  അദ്ദേഹം പറഞ്ഞു. ജി എസ്ടി ഏര്‍പ്പെടുത്തയപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നികുതി ഘടന ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്നു തള്ളിയ നിര്‍ദ്ദേശങ്ങളാണ് വളരെ വൈകി ഇപ്പോള്‍ കേന്ദ്രം നടപ്പാക്കുന്നത്

ജി എസ് ടി കൗണ്‍സില്‍ 5 ശതമാനവും 18 ശതമാനവും എന്നിങ്ങനെ രണ്ട് രീതിയിലുള്ള നികുതി നിരക്ക് സംവിധാനത്തിന് ഈ മാസം ആദ്യം അംഗീകാരം നല്‍കിയിരുന്നു. ഇത് നവരാത്രിയുടെ ആദ്യ ദിവസമായ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മോദി അറിയിക്കുകയായിരുന്നു. ‘ഒരു രാജ്യം, ഒരു നികുതി’ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനും സംസ്ഥാനങ്ങളുടെ സഹകരണം മോദി അഭ്യര്‍ത്ഥിച്ചു.

ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വരുന്നതിനെ ‘ബചത് ഉത്സവ്’ അഥവാ സമ്പാദ്യത്തിന്റെ ഉത്സവം എന്നാണ് മോദി വിശേഷിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ സാധാരണക്കാര്‍ നേരിടുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധികള്‍ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. രാജ്യത്തോടുള്ള പ്രസംഗത്തില്‍ ഇക്കാര്യത്തില്‍ ഒരു മറുപടിയും ഉണ്ടായില്ല.

കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോഴാണ് ജിഎസ്ടി എന്ന ആശയം മുന്നോട്ടു വച്ചത്. എന്നാല്‍, നിലവിലെ സര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയ രീതിയെ കോണ്‍ഗ്രസ് ശക്തമായി വിമര്‍ശിക്കുന്നു. സങ്കീര്‍ണ്ണമായ നികുതി ഘടനയും നിരന്തരമായ മാറ്റങ്ങളും ചെറുകിട വ്യവസായികളെയും വ്യാപാരികളെയും കഷ്ടത്തിലാക്കിയിരിക്കുകയാണ്.
ജിഎസ്ടി നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചെങ്കിലും, ജിഎസ്ടി വരുമാന വിഹിതത്തെച്ചൊല്ലി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു്. ഇത് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തെ തകര്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

പ്രധാനമന്ത്രിയുടെ ജിഎസ്ടി 2.0 പ്രഖ്യാപനങ്ങളെ കോണ്‍ഗ്രസ് ഒരു തിരഞ്ഞെടുപ്പ് തന്ത്രമായിട്ടാണ് കാണുന്നത്. യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് പകരം, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിതെന്ന് പ്രതിപക്ഷം കരുതുന്നു