ജിസാറ്റ്-30 ന്‍റെ വിക്ഷേപണം വിജയകരം

Jaihind News Bureau
Friday, January 17, 2020

ആശയവിനിമയ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഇന്ത്യയുടെ കൃത്രിമോപഗ്രഹമായ ജിസാറ്റ്-30 ന്‍റെ വിക്ഷേപണം വിജയകരം. ഫ്രഞ്ച് ഗയാനയിലെ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഏരിയാൻ-5 റോക്കറ്റിൽ ഇന്ത്യൻ സമയം പുലർച്ചെ 2.35നായിരുന്നു വിക്ഷേപണം.

2020ലെ ബഹിരാകാശദൗത്യങ്ങൾക്ക് ജിസാറ്റ്-30ലൂടെയാകും ഐഎസ്ആർഒ തുടക്കം കുറിക്കുക. ടെലിവിഷൻ, ടെലികമ്യുണിക്കേഷൻ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയെന്നതാണ് ജിസാറ്റ്-30 വിക്ഷേപണത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യക്ക് പുറമെ ഏഷ്യൻ രാജ്യങ്ങൾക്കും ജിസാറ്റ്-30ന്റെ നേട്ടങ്ങൾ ലഭ്യമാകും. പ്രധാനമായും വാർത്താവിനിമയ രംഗത്ത് കൂടുതൽ കവറേജ് ലഭിക്കുകയും ചെയ്യും. ഐഎസ്ആർഒ വികസിപ്പിച്ച ജിസാറ്റിന്റെ ഭാരം 3,357 കിലോഗ്രാമാണ്. ജിസാറ്റ്-30നൊപ്പം 3620 കിലോഗ്രാം ഭാരമുള്ള ‘യൂടെൽസാറ്റ് കൊണക്ട്’ എന്ന ഉപഗ്രഹത്തെയും ഏരിയാൻ -5 റോക്കറ്റ് ഭ്രമണപഥത്തിലെത്തിക്കും. ആശയവിനിമയ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം വെക്കുന്നതെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. 15 വർഷമാണ് ഇതിന്‍റെ കാലാവധിയെങ്കിലും മികച്ച അനുഭവം കാലയളവിൽ ലഭ്യമാകുമെന്നാണ് പുറത്തുവരുന്ന വിവരം.