‘ഗ്രാന്റ് മുഫ്തി’ പദവി: കാന്തപുരത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണംതട്ടാനുള്ള തന്ത്രമാണെന്ന് സമസ്ത

Jaihind Webdesk
Monday, May 13, 2019

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ ‘ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി’യെന്ന പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സ്വീകരണം സംഘടിപ്പിക്കുന്നതിനെ വിമര്‍ശിച്ച് സമസ്ത. കാന്തപുരം വിഭാഗത്തിന്റെ പ്രവാസി സംഘടനയായ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ഒരുക്കുന്ന സ്വീകരണത്തിനെതിരെയാണ് സമസ്ത രംഗത്തെത്തിയിട്ടുളളത്.

ഗള്‍ഫ് മലയാളികളില്‍ നിന്നും അറബികളില്‍ നിന്നും പണം തട്ടാന്‍ വേണ്ടിയാണ് കാന്തപുരത്തിനെ ‘ഗ്രാന്റ് മുഫ്തി’ എന്ന പദവി നല്‍കി സ്വീകരണം കൊടുക്കുന്നതെന്നാണ് സമസ്തയുടെ ആരോപണം. ദുബായിലെയും കുവൈറ്റിലെയും സ്വീകരണത്തിന് ശേഷം തിങ്കളാഴ്ച ബഹറിനില്‍ സ്വീകരണം നടക്കാനിരിക്കയാണ് സമസ്ത കേരള ഇസ്ലാമിക് ക്ലാസ്റൂം ചെയര്‍മാന്‍ സയ്യിദ് പൂക്കോയ വാര്‍ത്താക്കുറിപ്പിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ബഹറിനിലെ അറബി പണ്ഡിതരെയും പ്രമുഖരെയും പങ്കെടുപ്പിച്ചാണ് ബഹറിന്‍ കേരളീയ സമാജത്തില്‍ സ്വീകരണം സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി ശൈഖ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഒരുക്കുന്ന വന്‍ സ്വീകരണത്തിലേക്ക് ക്ഷണിക്കുന്നുവെന്നാണ് അതിഥികള്‍ക്കുളള ക്ഷണക്കത്തില്‍ രേഖപ്പെടുത്തിയിട്ടുളളത്.

കാന്തപുരം വിഭാഗം നടത്തുന്ന വ്യാജപ്രചാരണത്തില്‍ വഞ്ചിതരാകരുതെന്ന് പൂക്കോയ തങ്ങള്‍ ആവശ്യപ്പെടുന്നു. വര്‍ഷങ്ങളായി ഇന്ത്യയിലെ ബറേല്‍വി വിഭാഗം തിരഞ്ഞെടുക്കുന്ന ‘ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി’ പദവിയെ അവരില്‍ നിന്ന് തട്ടിയെടുക്കാനുളള ശ്രമം പരാജയപ്പെട്ടതിലുളള ജാള്യത മറക്കാനാണ് സ്വയം പ്രഖ്യാപിത ഗ്രാന്റ് മുഫ്തിയായി കാന്തപുരത്തെ കൊണ്ടു നടക്കുന്നത്. തിരുകേശത്തിന്റെ പേരില്‍ പളളി നിര്‍മ്മിക്കാന്‍ കോടികള്‍ പിരിച്ച കാന്തപുരം അത് ചെയ്യാതെ പുതിയ തട്ടിപ്പുമായി ഇറങ്ങി തിരിച്ചിരിക്കുകയാണെന്നുമാണ് പുക്കോയ തങ്ങളുടെ ആരോപണം.