‘മോദിയുടെ പ്രസ്താവന വിശ്വസിക്കാനാകില്ല’ ; പാര്‍ലമെന്‍റില്‍ നിയമം റദ്ദാക്കും വരെ സമരമെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി : വിവാദ കാർഷിക നിയമങ്ങൾ പിന്‍വലിക്കുമെന്ന ‌തീരുമാനം കര്‍ഷകരുടെ വിജയമെന്ന് അഖിലേന്ത്യ കിസാന്‍ സഭ. നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങളും മാറണം. പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കിസാന്‍ മോര്‍ച്ച ഇന്ന് യോ​ഗം ചേരും. പാര്‍ലമെന്‍റ് വഴി നിയമങ്ങള്‍ പിന്‍വലിക്കുന്നതിനായി കാത്തിരിക്കുന്നെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്തും പറഞ്ഞു. പാര്‍ലമെന്‍റില്‍ നിയമങ്ങള്‍ പിന്‍വലിച്ചശേഷമായിരിക്കും സമരം നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാകില്ലെന്നും കർഷകർ പറഞ്ഞു.

അതേസമയം പ്രതിഷേധങ്ങള്‍ക്ക് മുമ്പില്‍ മുട്ടുമടക്കി മോദി സര്‍ക്കാര്‍ വിവാദമായ മൂന്ന് കാര്‍ഷിക നിമയങ്ങളും പിന്‍വലിക്കാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇതുസംബന്ധിച്ച തീരുമാനം രാജ്യത്തെ അറിയിച്ചത്.

നിയമം പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടുവരും. കര്‍ഷക സമരം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് തിരുത്താന്‍ നിര്‍ബന്ധിതരായത്. രാവിലെ 9 മാണിയോടെ മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഈ അഭിസംബോധനയ്ക്കിടെയാണ് വിവാദമായ മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും, കര്‍ഷകരുടെ പ്രതിസന്ധി മനസ്സിലാവുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പിന്‍വലിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിനിടയിലും മോദി നിയമങ്ങളെ ന്യായീകരിക്കാന്‍ ശ്രമിച്ചു. സാധാരണ കര്‍ഷകന് വേണ്ടിയാണ് കാര്‍ഷിക നിയമം കൊണ്ടുവന്നതെന്നും നിയമം വലിയ രീതിയില്‍ പിന്തുണ നേടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ചിലര്‍ക്ക് അത് മനസിലായില്ലെന്നും അവര്‍ ഇപ്പോഴും അതിനെ എതിര്‍ക്കുന്നു. ഇത് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മോദി വിശദീകരിച്ചു.

പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. ഗുരുനാനാക് ജയന്തി ദിനമാണ് പ്രഖ്യാപനം നടത്താന്‍ തെരിഞ്ഞെടുത്തത് എന്നതിലും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. കര്‍ഷരോക്ഷം രണ്ടു സംസ്ഥാനങ്ങളിലും തിരിച്ചടിയാകുമോയെന്ന ഭയമാണ് തിടുക്കപ്പെട്ട ഇത്തരമൊരു പ്രഖ്യാനത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.കഴിഞ്ഞ വര്‍ഷം നവംബര്‍ 26 ആണ് കര്‍ഷകര്‍ രാജ്യവ്യാപക സമരം തുടങ്ങിയത്. ഇതിനിടെ 800 ല്‍ അധികം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

Comments (0)
Add Comment