കെഎസ്ആർടിസി : എം പാനൽ ഡ്രൈവർമാരെയും പിരിച്ചുവിടാനുള്ള ഹൈക്കോടതിയുടെ ഉത്തരവിൽ തുടർ നടപടികൾ നാളെ തീരുമാനിക്കും

Jaihind Webdesk
Tuesday, April 9, 2019

KSRTC M Panel

കെഎസ്ആർടിസിയിലെ എല്ലാ എം പാനൽ ഡ്രൈവർമാരെയും പിരിച്ചുവിടണമെന്ന ഹൈക്കോടതിയുടെ ഉത്തരവിൽ തുടർ നടപടികൾ നാളെ സർക്കാർ തീരുമാനിക്കും. ഇതിനായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

ഇപ്പോൾ സർവീസിലുള്ള എല്ലാ എം പാനൽ ഡ്രൈവർമാരെയും പിരിച്ചുവിടണമെന്നാണ് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടത്. പിഎസ്‌സി ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. ഡിവിഷൻ ബഞ്ചിൻറെ ഉത്തരവിൻറെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ 1565 എം പാനൽ ഡ്രൈവർമാരെയും പിരിച്ചുവിടണ്ടി വരും. ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിൻറേതാണ് ഉത്തരവ്. ഈ മാസം 30-നകം പിരിച്ചുവിടൽ നടപടി പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു. 2455 ഒഴിവുകളിൽ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉള്ളവരെ നിയമിക്കണം. ഇവരെ നിയമിക്കാനുള്ള അഡൈ്വസ് മെമ്മോ എത്രയും പെട്ടെന്ന് നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

നേരത്തേ എംപാനൽ കണ്ടക്ടർമാരെയും കൂട്ടത്തോടെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്ന് 3,861 താൽക്കാലിക കണ്ടക്ടർമാർക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇതിനെതിരെ എം പാനൽ കണ്ടക്ടർമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്ന് നിവൃത്തിയില്ലാതെ സെക്രട്ടേറിയറ്റിന് മുന്നിൽ എം പാനൽ കണ്ടക്ടർമാർ അനിശ്ചിതകാല സമരം നടത്തിയിരുന്നു. കുടുംബാംഗങ്ങളെക്കൂടി അണിനിരത്തിയായിരുന്നു സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നും പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്ക്കാലിക ജീവനക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ തിരികെ ഹൈക്കോടതിയെ സമീപിക്കാനാണ് നിർദേശം കിട്ടിയത്.