വിവാഹപ്രായ ബില്‍ ലോക്സഭയില്‍; പ്രതിപക്ഷ പ്രതിഷേധത്തിനൊടുവില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു

Jaihind Webdesk
Tuesday, December 21, 2021

 

ന്യൂഡല്‍ഹി : വിവാഹപ്രായ ഏകീകരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. വളരെ നാടകീയമായാണ് ബില്‍ തിരക്കിട്ട് അവതരിപ്പിച്ചത്. വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. അതേസമയം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞു. ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് ലഭിച്ച ശേഷം ലോക്സഭ ബിൽ പിന്നീട് പരിഗണിക്കും. കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. വിവാഹനിയമ ബില്ലിന്‍റെ കരട് ഒരു മണിക്കൂർ മുമ്പാണ് എംപിമാർക്ക് നൽകിയത്. ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് ലോക്സഭയില്‍ ഇടി മുഹമ്മദ്‌ ബഷീർ എംപി പറഞ്ഞു. ലോക്സഭയില്‍ ബില്ല് കീറിയെറിഞ്ഞായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബില്‍ ഏകപക്ഷീയമായി പാസാക്കാന്‍ പാടില്ലെന്നും  വിശദമായ ചർച്ച വേണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

ബില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിടുമെന്നും ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിലേക്ക് മാറ്റുമെന്നുമാണ് പ്രതിപക്ഷ കക്ഷികള്‍ കരുതിയിരുന്നത്. എന്നാല്‍ നാടകീയമായി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുകയായിരുന്നു. ബില്‍ പാസായാല്‍ ഏഴ് വ്യക്തിനിയമങ്ങൾ പരിഷ്‌കരിക്കും.

സ്ത്രീകളുടെ വിവാഹ പ്രായപരിധി പതിനെട്ടിൽ നിന്നും 21 ആക്കി വർധിപ്പിക്കുന്ന ബിൽ ആണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. സമാജ് വാദി പാർട്ടി, സിപിഐ, സിപിഎം എന്നിവർ ബില്ലിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് നേരത്തെ രംഗത്ത് വന്നിരുന്നു. പുരുഷന്മാരുടെ വിവാഹപ്രായ പരിധി 18 ലേക്ക് താഴ്ത്തണം എന്നും അഭിപ്രായമുണ്ട്.