തിരുവനന്തപുരം: വൈദ്യുതി മേഖലയിൽ വൻ നേട്ടമുണ്ടാക്കിയെന്ന സർക്കാർ അവകാശവാദങ്ങള്‍ പൊളിയുന്നു. 2020 ല്‍ സംസ്ഥാനത്തുപയോഗിച്ച 72.35 ശതമാനം വൈദ്യുതിയും പുറത്തുനിന്ന് വാങ്ങിയതാണെന്ന് വിവരാവകാശ രേഖകൾ പറയുന്നു. 8679.81 കോടി രൂപയാണ് 2019 ഏപ്രില്‍ 1 മുതല്‍ 2020 മാർച്ച് 31 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ സർക്കാർ ചിലവിട്ടത്.
2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ 25125.38 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനം ഉപയോഗിച്ചത്. ഇതില്‍ 6944.82 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു ആഭ്യന്തര ഉത്പാദനം. 18180.56 ദശലക്ഷം യൂണിറ്റും പുറത്തുനിന്ന് വാങ്ങിയതാണെന്ന് സിസ്റ്റം ഓപ്പറേഷന്‍ ചീഫ് എന്‍ജിനീയറുടെ കാര്യാലയത്തിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് കമ്മിഷന്‍ ചെയ്യാമായിരുന്ന 150 മെഗാവാട്ട് പദ്ധതികള്‍ ഇപ്പോഴും ഇഴയുന്നതിനാലാണ് കോടികള്‍ മുടക്കി പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്.
5 വര്‍ഷം കൊണ്ട് 500 മെഗാവാട്ട് ജല വൈദ്യുതിയും 2020 ഓടെ പുനരുപയോഗ വൈദ്യുതി 1500 മെഗാവാട്ടാക്കുമെന്നുമായിരുന്നു 2016 ല്‍ എല്‍.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ കമ്മീഷന്‍ ചെയ്യാനായത് 18.6 മെഗാവാട്ട് മാത്രം. പുരപ്പുറ സൗരോര്‍ജ പദ്ധതിയിൽ നിന്ന് ലഭിച്ചത് ഒരു മെഗാവാട്ട് മാത്രം. അമ്പലത്തറയില്‍ രണ്ടുഘട്ടങ്ങളിലായി 82 മെഗാവാട്ട് സോളാര്‍ പദ്ധതിയും കമ്മീഷന്‍ ചെയ്തു.
തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ കോടികൾ മുടക്കി എൽ.ഡി.എഫ് നൽകുന്ന പരസ്യങ്ങളിൽ ഒന്ന് കഴിഞ്ഞ അഞ്ച് വർഷവും സംസ്‌ഥാനത്ത് പവർകട്ട് ഇല്ലെന്നായിരുന്നു. കൂടാതെ ഈ മേഖലയിൽ വൻ നേട്ടം സംസ്‌ഥാനം കൈവരിച്ചുവെന്ന രീതിയിലുള്ള പരസ്യങ്ങളും സർക്കാർ തലത്തിൽ നടക്കുന്നുണ്ട്. അതിനിടയിലാണ് വൈദ്യുതി വാങ്ങാൻ കോടികൾ ചിലവഴിച്ചുവെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ പുറത്തുവരുന്നത്.