കാലാവസ്ഥ വ്യതിയാന മുന്നറിയിപ്പ് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നില്ല ; സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും പിന്‍മാറണം: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളം പാരിസ്ഥിതികമായി അപകടാവസ്ഥയിലാണെന്ന ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് പഠന റിപ്പോര്‍ട്ട് പുറത്തു വന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം ശക്തമാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. റീ ബില്‍ഡ് കേരളയിലും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് മുന്‍കരുതല്‍ സ്വീകരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടില്ല. പശ്ചിമഘട്ട മേഖലകളില്‍ ചെറുതും വലുതുമായ ആയിരക്കണക്കിന് മണ്ണിടിച്ചിലുകളുണ്ടായിട്ടും അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് പഠന റിപ്പോര്‍ട്ടില്‍ അപകടകരമായ അവസ്ഥയിലൂടെ കടന്നു പോകുന്ന പ്രദേശമായി കേരളത്തെ രേഖപ്പെടുത്തിയിട്ടും പരിസ്ഥിതി സംരക്ഷണത്തിലും ദുരന്ത ലഘൂകരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

2015 മുതല്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്ന പ്രദേശമായി കേരളം മാറിയിരിക്കുകയാണ്. ദുര്‍ബല ജനവിഭാഗങ്ങളാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാകുന്നവരിലേറെയും. അവരുടെ ജീവിതം ഓരോ പ്രകൃതി ദുരന്തവും കൂടുതല്‍ ദുഷ്‌ക്കരമാക്കിക്കൊണ്ടിരിക്കുകയാണ്. ആറു വര്‍ഷത്തിലധികമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരുണ്ട്. ഇവരെ അടിയന്തിരമായി പുനരധിവസിപ്പിക്കണം.

കാലാവസ്ഥാ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതുകൊണ്ടാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. 30 അടി ഉയരത്തില്‍ കേരളത്തെ വെട്ടിമുറിക്കുന്ന കോട്ടയായാണ് സില്‍വര്‍ ലൈന്‍ നിര്‍മ്മിക്കുന്നത്. പരിസ്ഥിതി ആഘാത പഠനം പോലും നടത്താന്‍ തയാറായിട്ടില്ല. വികസനത്തിന് എതിരായതു കൊണ്ടല്ല, യു.ഡി.എഫ് വിശദമായ പഠനം നടത്തി സില്‍വര്‍ ലൈന്‍ ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതം മനസിലാക്കിയ ശേഷമാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ സര്‍ക്കാര്‍ തയാറാകണം.

പ്രകൃതി ദുരന്തങ്ങള്‍ തടഞ്ഞു നിര്‍ത്താനാകില്ലെങ്കിലും പൂര്‍വ ദുരന്ത നിവാരണം ഏറെ പ്രധാനമാണ്. ദുരന്തമായി മാറിയിരിക്കുന്ന ദുരന്ത നിവാരണ അതോറിട്ടിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിലയിരുത്തണം. മഹാപ്രളയത്തിനു ശേഷവും ഇരുനൂറിലധികം ക്വാറികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇനിയെങ്കിലും പരിസ്ഥിതി ഓഡിറ്റിംഗ് നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Comments (0)
Add Comment