ദക്ഷിണേന്ത്യന്‍ പ്രതിഷേധത്തില്‍ മുട്ടുമടക്കി കേന്ദ്രം ; ‘ഹിന്ദി ഇംപോസിഷന്‍’ പിന്‍വലിച്ചു

Jaihind Webdesk
Monday, June 3, 2019

ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കാനുള്ള നീക്കത്തിനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ വിട്ടുവീഴ്ചയുമായി കേന്ദ്ര സര്‍ക്കാര്‍. മാറ്റം വരുത്തിയ വിദ്യാഭ്യാസ നയം അനുസരിച്ച് ഹിന്ദി നിര്‍ബന്ധിത ഭാഷയല്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കാമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അറിയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഹിന്ദി ഔദ്യോഗിക ഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ പ്രാദേശിക ഭാഷയ്ക്കും ഇംഗ്ലീഷിനും ഒപ്പം ഹിന്ദിയും നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന തരത്തിലുള്ള കേന്ദ്രനയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. കേന്ദ്രത്തിന്‍റെ ‘ത്രീ ലാംഗ്വേജ് ഫോര്‍മുല’ക്കെതിരെ തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധമാണ് കേന്ദ്രത്തിനെതിരെ ഉയര്‍ന്നത്. കേന്ദ്രത്തിന്‍റെ ‘ഹിന്ദി ഇംപോസിഷന്‍’ എന്ന രീതിയിലും സമൂഹമാധ്യമങ്ങള്‍ ഇത് ആഘോഷിച്ചിരുന്നു.

തമിഴരുടെ രക്തത്തില്‍ ഹിന്ദിക്ക് സ്ഥാനമില്ലെന്നും തമിഴ്നാട്ടില്‍ ഇത് നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കം തേനീച്ചക്കൂട്ടില്‍ കല്ലെറിയുന്നതിന് തുല്യമാണെന്നും ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍  ഹിന്ദി നിര്‍ബന്ധമാക്കാനാണ് നീക്കമെങ്കില്‍  ശക്തമായ പ്രതിഷേധം കേന്ദ്രത്തിനെതിരെ ഉയരുമെന്ന് നടന്‍ കമല്‍ ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യവും വ്യക്തമാക്കിയിരുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കേന്ദ്രത്തിനെതിരെ രംഗത്തെത്തി. വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രം വിദ്യാഭ്യാസ നയത്തില്‍ തിരുത്തുമായി രംഗത്തെത്തിയത്.