നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: അടൂര്‍ പ്രകാശ് എം.പി

Jaihind Webdesk
Wednesday, November 27, 2019

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അടൂർ പ്രകാശ് എം. പി ലോക്സഭയിൽ ഉന്നയിച്ച സബ്മിഷനിൽ ആവശ്യപ്പെട്ടു. 2016 ൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച ഡോ. ജഗദീഷ് പ്രസാദ് കമ്മിറ്റി നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട്‌ 2016 ൽ തന്നെ സമർപ്പിച്ചതായിരുന്നു. ഇതു നടപ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ മൂന്ന് വർഷം കഴിഞ്ഞിട്ടും ഫലപ്രദമായ ഒരു നടപടിയും ഇതുവരെ ഒരു സംസ്ഥാനവും സ്വീകരിച്ചിട്ടില്ല. ഈ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനും നഴ്സുമാർക്ക് മിനിമം വേതനം ഉറപ്പു വരുത്തുന്നതിനും കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടി ഉണ്ടാവണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു.