തെരഞ്ഞെടുപ്പ് ബോണ്ടില്‍ മോദിയുടെ ഓഫീസിന്‍റെ ഇടപെടല്‍ ; കാലാവധി കഴിഞ്ഞ ബോണ്ടുകള്‍ നിയമവിരുദ്ധമാര്‍ഗത്തിലൂടെ വിറ്റഴിച്ചു

Jaihind News Bureau
Friday, November 22, 2019

കള്ളപ്പണം തിരികെ പിടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ നഗ്നമായ ലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഏറെ വിവാദമായ തെരഞ്ഞെടുപ്പ് ബോണ്ടിലൂടെയാണ് മോദി സര്‍ക്കാര്‍ ഇതിന് കളമൊരുക്കിയതെന്നാണ് കണ്ടെത്തല്‍. കാലാവധി കഴിഞ്ഞ തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങാന്‍ ധനമന്ത്രാലയം എസ്.ബി.ഐക്ക് നിര്‍ദേശം നല്‍കി എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ‘ഹഫ് പോസ്റ്റ്’ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കാലാവധി കഴിഞ്ഞ ബോണ്ടുകള്‍ സ്വീകരിക്കുക, ബോണ്ടുകളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ലംഘിക്കുക, പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശപ്രകാരം നിയമാനുസൃത ജാലകത്തിലൂടെയല്ലാതെ ബോണ്ടുകള്‍ വില്‍ക്കുക എന്നിങ്ങനെ നിരവധി നിയമലംഘനങ്ങളാണ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2018 ല്‍ ധനമന്ത്രാലയം പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ കൈമാറ്റത്തെ സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരം എസ്.ബി.ഐ ശാഖകളിലൂടെ വര്‍ഷത്തില്‍ നാല് പ്രാവശ്യമാണ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ എന്നിങ്ങനെ നാല് തവണ പത്ത് ദിവസ കാലാവധിയിലാണ് ബോണ്ടുകള്‍ പുറത്തിറക്കിയിരുന്നത്. എസ്.ബി.ഐ ശാഖകളില്‍ നിന്നും വാങ്ങാവുന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സജ്ജീകരിച്ചിരുന്നത്.

എന്നാല്‍ അഴിമതി വിരുദ്ധ പ്രവര്‍ത്തകനായ ലോകേഷ് ബത്രയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ അനുസരിച്ച് മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്‍നയില്‍ വലിയ കൃത്രിമം നടത്തിയിരിക്കുന്നതായി വ്യക്തമായി. 2018 മെയ് മാസത്തില്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശപ്രകാരം മെയ് 1 മുതല്‍ 10 വരെ ബോണ്ടുകള്‍ വില്‍ക്കാന്‍ പ്രത്യേക സമയം അനുവദിച്ചു. ലോകേഷ് ബത്ര ശേഖരിച്ച രേഖകളില്‍ കാലഹരണപ്പെട്ട ഈ ബോണ്ടുകള്‍ വാങ്ങിയവരുടേയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ പേര് നല്‍കിയിരുന്നില്ല.

2018 മെയ് 24 നാണ് ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധി മെയ് മൂന്നാം തീയതി പുറത്തിറക്കിയ 20 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ടുമായി എസ്.ബി.ഐയെ സമീപിച്ചത്. ഇതില്‍ 10 കോടി മെയ് 3 നും പത്ത് കോടി മെയ് 5 നുമായിരുന്നു  വാങ്ങിയത്. എന്നാല്‍ ബോണ്ടുകള്‍ നിക്ഷേപിക്കേണ്ട സമയപരിധി കഴിഞ്ഞതിനാല്‍ അവ അസാധുവായെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ബോണ്ട് നിക്ഷേപിക്കണമെന്ന് രാഷ്ട്രീയ പ്രതിനിധി അംഗം നിര്‍ബന്ധം പിടിച്ചു. ഇതിന് പിന്നാലെ എസ്.ബി.ഐ ധനമന്ത്രാലയത്തോട് നിര്‍ദേശം ആരാഞ്ഞു. 15 ദിവസത്തെ കാലാവധി എന്നാല്‍ 15 കലണ്ടര്‍ ദിനമല്ലെന്നും 15 പ്രവൃത്തി ദിനങ്ങളാണെന്നും പറയുകയും ബോണ്ടുകള്‍ നിക്ഷേപിക്കാന്‍ അവരെ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ആ രാഷ്ട്രീയ പാര്‍ട്ടി പത്ത് കോടി രൂപ വരുന്ന ബോണ്ട് നിയമവിരുദ്ധമായി പണമാക്കി മാറ്റുകയും ചെയ്തെന്നും ഹഫ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചട്ടങ്ങള്‍ മറികടന്ന് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വില്‍ക്കാനുള്ള സ്‌പെഷ്യല്‍ വിന്‍ഡോ തുറക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് കാലാവധി കഴിഞ്ഞ ബോണ്ടുകള്‍ ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടി പാസാക്കിയെടുക്കാന്‍ ധനമന്ത്രാലയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.

കള്ളപ്പണം കൊണ്ട് കീശ വീര്‍പ്പിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്‍റെ നീക്കമാണ് തെരഞ്ഞെടുപ്പ് ബോണ്ടുകളെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. കള്ളപ്പണം ഇല്ലാതാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ബി.ജെ.പി കള്ളപ്പണം കൊണ്ട് സ്വന്തം ഖജനാവ് നിറയ്ക്കുകയാണെന്നും ഇന്ത്യന്‍ ജനതയെ വഞ്ചിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.

2017 ല്‍ അരുണ്‍ ജെയ്റ്റ്ലിയാണ് തെരഞ്ഞെടുപ്പ് ബോണ്ട് എന്ന ആശയം അവതരിപ്പിച്ചത്. വിദേശത്ത് നിന്നുള്‍പ്പെടെ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിട്ട് സ്വീകരിക്കുന്ന സംഭാവനയാണ് തെരഞ്ഞെടുപ്പ് ബോണ്ട്. ബോണ്ടുകളില്‍ ആരാണ് പണം നല്‍കുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ല. 2018 ല്‍ ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കുകയായിരുന്നു. റിസർവ് ബാങ്കിന്‍റെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെയും എതിര്‍പ്പിനെ മറികടന്നാണ് മോദി സര്‍ക്കാര്‍ ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കിയത്. തെരഞ്ഞെടുപ്പു ബോണ്ടുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ നടത്തിയ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ ചുരുളഴിഞ്ഞുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ ആദ്യഘട്ടത്തിലൂടെ സംഭാവന ചെയ്ത 95% പണവും ബി.ജെ.പി നേടിയിട്ടുണ്ട് എന്നതും ഇവിടെ ശ്രദ്ധേയമാണ്.