ശബരിമല: സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം ; KPCC പ്രതിനിധി സംഘം ശബരിമല സന്ദർശിക്കും

ശബരിമലയിലെ സ്ഥിതി വിശേഷങ്ങൾ നേരിട്ട് കണ്ട് വിലയിരുത്താൻ കെ.പി.സി.സി നിയോഗിച്ച മൂന്നംഗ സംഘം ശബരിമല സന്ദർശിക്കും. മുൻ മന്ത്രിമാരായ തിരുവഞ്ചുർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വി.എസ് ശിവകുമാർ എന്നിവരാണ് ശബരിമലയിൽ എത്തുന്നത്.

ശബരിമലയിൽ ഭക്തർക്കായി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയമാണെന്ന് കെ.പി.സി.സി ആരോപിച്ചിരുന്നു. പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിലും ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒന്നും സജ്ജമാക്കിയിട്ടില്ല. വിവിധ വകുപ്പുകൾ തമ്മിൽ ഇക്കാര്യത്തിൽ ഏകോപനം ഉണ്ടായിട്ടില്ല. ശബരിമലയിൽ ഭക്തർക്ക് കർശന നിയന്ത്രണം തുടരുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ഭക്തർക്കാണ് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നത്. ശബരിമലയിൽ പോലീസ് രാജാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചിരുന്നു. പോലീസിന്‍റെ നിയന്ത്രണം ഭക്തരെ വലയ്ക്കുകയാണെന്നും ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബി.ജെ.പിയും സി.പി.എമ്മും ചേർന്ന് ശബരിമലയെ കലുഷിതമാക്കിയ സാഹചര്യത്തിലാണ് കോൺഗ്രസ് സംഘത്തിന്‍റെ ശബരിമല സന്ദർശനം പ്രസക്തമാകുന്നത്.

Sabarimala
Comments (0)
Add Comment