പ്രവാസികളുടെ പ്രതിഷേധകൊടുങ്കാറ്റില്‍ സര്‍ക്കാര്‍ മുട്ടുമടക്കി : കൊവിഡ് ടെസ്റ്റില്‍ അഞ്ചു ദിവസത്തെ ഇളവ് ; 25-നകം സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

B.S. Shiju
Friday, June 19, 2020

ദുബായ് : ഒടുവില്‍ പ്രവാസികളുടെ പ്രതിഷേധകൊടുങ്കാറ്റിന് മുന്നില്‍ കേരള സര്‍ക്കാര്‍ മുട്ടുമടക്കി. പ്രവാസികളുടെ കോവിഡ് ടെസ്റ്റില്‍ കേരള സര്‍ക്കാര്‍ താല്‍ക്കാലികമായി ഇളവു നല്‍കിയതോടെയാണിത്. ഇതനുസരിച്ച്, ഈ മാസം 25 വ്യാഴാഴ്ച വരെ വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പകരം,  ഈ മാസം 25നുള്ളില്‍ പരിശോധന സംവിധാനം ഒരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ച ട്രൂനാറ്റ് ടെസ്റ്റ് സംവിധാനം, ഗള്‍ഫ് നാടുകളില്‍ എളുപ്പത്തില്‍ നടപ്പിലാകില്ലെന്നതും മറ്റൊരു തിരിച്ചടിയായി. ഇതോടെയാണ് ഇപ്പോഴത്തെ ഈ പിന്‍മാറ്റം.  

നേരത്തെ പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റില്‍ തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. രോഗവ്യാപനം തടയാനാണ് ഈ തീരുമാനമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു. രോഗമുള്ളവരും രോഗമില്ലാത്തവരും ഒന്നിച്ച് വിമാനത്തില്‍ സഞ്ചരിക്കുന്നത് രോഗത്തിന്‍റെ വ്യാപ്തി കൂടാന്‍ കാരണമാകുന്നു. അതിനാലാണ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് നിര്‍ബന്ധമില്ലെന്നും റാപ്പിഡ് പരിശോധന നടത്തിയാല്‍ മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

പുറത്തുനിന്ന് വരുന്നവരിലെ രോഗവ്യാപനത്തിന്റെ കണക്ക് ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ 0.22 ശതമാനം മാത്രമാണ് കോവിഡ് പോസിറ്റീവാകുന്നതെന്നും അതേസമയം, പ്രവാസികളില്‍ അത് 1.22 ശതമാനമാണെന്നും സര്‍ക്കാര്‍ പറയുന്നു. ഇതിനെതിരെ കേരളത്തിലെ പ്രതിപക്ഷം കണക്കുകള്‍ സഹിതം മറുപടി പറഞ്ഞതും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഉപവാസ സമരം തുടങ്ങിയതും കേരള സര്‍ക്കാരിന്റെ വിവാദമായ വൈദ്യുതി ബില്‍ നിരക്ക് പോലെ മറ്റൊരു ഷോക്കും തിരിച്ചടിയായി മാറി.  

ഇതിനിടെ, കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. അതേസമയം, ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് മാത്രം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നതാണെന്നും ഇതിനെതിരെ കേരളത്തിലും ഗള്‍ഫ് നാടുകളിലും പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധം ആളിക്കത്തിയ ഘട്ടത്തിലാണ് അഞ്ചുദിവസത്തേയ്ക്കുള്ള ഈ താല്‍ക്കാലിക പിന്‍മാറ്റം.