കെഎസ്ആർടിസിയെ സര്‍ക്കാർ തകർക്കുന്നു; പ്രതിസന്ധി സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

Jaihind Webdesk
Monday, August 29, 2022

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിസന്ധിക്ക് കാരണം സർക്കാരിന്‍റെയും കെഎസ്ആർടിസി മാനേജ്മെന്‍റിന്‍റെയും കെടുകാര്യസ്ഥതയാണ്. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കണമെന്ന് ഗതാഗതമന്ത്രി ആവര്‍ത്തിച്ചു. മെയ് ദിനം ആഘോഷിക്കുന്ന കമ്യൂണിസ്റ്റ്  സർക്കാരാണ് 12 മണിക്കൂറിനായി വാദിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

എം വിന്‍സന്‍റാണ് കെഎസ്ആർടിസി പ്രതിസന്ധിയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പിണറായി സർക്കാർ അധികാരത്തിലേറ്റ് 6 വർഷം കൊണ്ട് കെഎസ്ആർടിസിയെ എല്ലും തോലുമാക്കി.  അധികാരത്തിലേറിയ ശേഷം ഒരു മാസം പോലും മുടങ്ങാതെ ശമ്പളം കൊടുക്കാൻ സർക്കാരിന് കഴിയാത്തതിനാൽ കടബാധ്യത കൊണ്ട് തല നിവർക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് തൊഴിലാളികൾ മാറിയെന്ന് എം വിന്‍സന്‍റ് കുറ്റപ്പെടുത്തി. സ്വിഫ്റ്റ് കെഎസ്ആർടിസിയുടെ ആരാച്ചാരായി മാറി. കെഎസ്ആർടിസി രക്ഷപ്പെടാത്തതിന്‍റെ പ്രധാന കാരണം സുശീൽ ഖന്ന റിപ്പോർട്ടാണെന്നും അത് ചവറ്റുകൊട്ടയിൽ എറിയണമെന്നും എം വിന്‍സന്‍റ് പറഞ്ഞു. സിംഗിൾ ഡ്യൂട്ടി പരിഷ്കരണത്തിനെതിരെയും പ്രതിപക്ഷം നിലപാടെടുത്തു.

അതേസമയം സ്വിഫ്റ്റിനെ സംരക്ഷിച്ചായിരുന്നു ഗതാഗതമന്ത്രിയുടെ മറുപടി. 12 മണിക്കൂർ ഡ്യൂട്ടി നടപ്പിലാക്കിയാലേ കെഎസ്ആർടിസി രക്ഷപ്പെടൂവെന്ന് മന്ത്രി പറഞ്ഞു. വിശ്രമത്തിന് ശമ്പളം നൽകാൻ ആകില്ലെന്നും സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ആന്‍റണി രാജു സഭയില്‍ പറഞ്ഞു. 8 മണിക്കൂര്‍ ജോലി എന്ന സന്ദേശവുമായി മെയ്ദിനം ആഘോഷിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരാണ് 12 മണിക്കൂർ ഡ്യൂട്ടിക്കായി വാദിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന് തീവ്ര വലതുപക്ഷ നയമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.