ചെലവ് ചുരുക്കല്‍ നിർദ്ദേശങ്ങൾ പ്രഹസനമാക്കി സർക്കാർ ; കോടികള്‍ വാടക നല്‍കുന്ന ഹെലികോപ്ടറിന് ബാധകമല്ല

തിരുവനന്തപുരം :  സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ നിയോഗിച്ച വിദഗ്ധ സമിതികളുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ചെലവ് ചുരുക്കാനുള്ള തീരുമാനങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. 22 ഇന നിർദ്ദേശങ്ങളാണ് സർക്കാർ പുറത്തിറക്കിയിട്ടുള്ളത്. എന്നാൽ സ്വകാര്യ കമ്പനിയിൽ നിന്നും കോടികൾ വാടക നൽകി എടുത്ത ഹെലികോപ്റ്ററിന് നിർദ്ദേശങ്ങൾ ബാധകമല്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെയാണ് ചെലവ് ചുരുക്കലിനായി 22 ഇന നിർദ്ദേശങ്ങൾ ഈ മാസം അഞ്ചിന് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിൽ പറയുന്നത്. ഒരു വർഷം സർക്കാർ സ്ഥാപനങ്ങൾ മോടിപിടിപ്പിക്കില്ല, പുതിയ ഫർണിച്ചറുകൾ വാങ്ങാൻ അനുവാദം നൽകില്ല, ജുഡീഷ്യൽ കമ്മീഷനുകളെ ഒരു കെട്ടിടത്തിലേക്ക് മാറ്റും, പുതിയ വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകില്ല, ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫില്‍ ലയിപ്പിക്കും തുടങ്ങിയ തീരുമാനങ്ങളാണ് 22 ഇന നിർദേശങ്ങളിലുള്ളത്.

എന്നാൽ സർക്കാർ സ്വകാര്യ കമ്പനിയായ പവൻ ഹാൻസിൽ നിന്നും വൻ തുക വാടക നൽകിയെടുത്ത ഹെലികോപ്റ്ററിന് ഈ നിർദ്ദേശങ്ങൾ ബാധകമല്ല. പ്രതിമാസം ഒരു കോടി 70 ലക്ഷം രൂപയിനത്തിൽ പ്രതിവർഷം 20 കോടി 40 ലക്ഷം രൂപയാണ് സർക്കാരിന് ചെലവാകുന്നത്.

ഇക്കഴിഞ്ഞ മാർച്ചിൽ പോലീസിനായി ഹെലികോപ്ടർ വാടകയ്ക്കെടുക്കാൻ ഒന്നരക്കോടി രൂപ സർക്കാർ ട്രഷറിയിൽ നിന്നും കൈമാറിയത് വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു. കോവിഡ് പ്രതിസന്ധിമൂലമുള്ള ചെലവ് ചുരുക്കലിനിടെ ഹെലികോപ്ടർ വാടകക്കെടുക്കുന്നതിനായി പവൻഹാൻസ് കമ്പനിക്ക് 1.5 കോടി രൂപ കൈമാറിയിരുന്നു.

ഇതിനു പുറമേ ധനകാര്യ വിദഗ്ധനായ സുനിൽ മാണിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ ഓഫീസുകള്‍ മോടിപിടിപ്പിക്കരുതെന്നും പുതിയ ഫര്‍ണിച്ചറുകള്‍ വാങ്ങാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ടായിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസടക്കം മറ്റ് നിരവധി ഓഫീസുകളിലേക്ക് പുതിയ ഫര്‍ണിച്ചര്‍ വാങ്ങിയാണ് ഇതിനെ അട്ടിമറിച്ചത്. നിരവധി ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെങ്കിൽ ഇതൊന്നും നടപ്പിൽ വരുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

https://youtu.be/Rxu1X0TQnpA

Comments (0)
Add Comment