കേരളത്തിന് ഒരു ശതമാനം പ്രളയ സെസ് പിരിക്കാം; ജി.എസ്.ടി കൗണ്‍സിലിന്‍റെ അനുമതി

ജി.എസ്.ടിക്ക് പുറമെ ഒരു ശതമാനം പ്രളയ സെസും ഇനി നല്‍കേണ്ടിവരും. ഇത്തരത്തില്‍ സെസ് പിരിക്കാന്‍ കേരളത്തിന് ജി.എസ്.ടി കൗണ്‍സില്‍ യോഗം അനുമതി നല്‍കി. പ്രളയത്തിന് ശേഷം കേരളത്തിന്‍റഎ പുനര്‍നിര്‍മാണത്തിന് വേണ്ടി ഫണ്ട് കണ്ടെത്തുന്നതിനാണ് ഈ നീക്കം.

ജി.എസ്.ടി മന്ത്രിതല ഉപസമിതി കേരളത്തിന് സെസ് പിരിക്കാന്‍ അനുമതി നല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ഡൽഹിയിൽ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം കേരളത്തിന് പ്രത്യേക ഇളവ് വഴി അനുമതി നല്‍കിയത്. പ്രളയശേഷം കേരള പുനര്‍നിര്‍മാണത്തിന് ഫണ്ടില്ലാതെ പ്രയാസപ്പെടുകയാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ സെസ് പിരിക്കാന്‍ ലഭിച്ച അവസരം കേരളത്തിന് സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്. ജി.എസ്.ടിക്ക് പുറമെ പ്രത്യേക സെസ് പിരിക്കാന്‍ അനുമതി വാങ്ങുന്ന പുതിയ വ്യവസ്ഥയ്ക്ക് ഇതോടെ തുടക്കമാകുകയാണ്.

പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ജി.എസ്.ടി കൗണ്‍സിലിനെ കാര്യങ്ങള്‍ ബോധിപ്പിച്ച ശേഷമാണ് കേരളത്തിന് അനുമതി ലഭിച്ചത്. സമാന സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളും ഈ മാര്‍ഗം പിന്തുടര്‍ന്നേക്കും.

എന്നാല്‍ കേരളത്തിന് അകത്ത് മാത്രമാണ് ജി.എസ്.ടിക്ക് പുറമെ സെസ് പിരിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്. പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ പുറംവായ്പയുടെ പരിധി ഉയര്‍ത്താനും കേരളത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കാണ് സെസ് ഏര്‍പ്പെടുത്തുക എന്ന് ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

gstcess
Comments (0)
Add Comment