GOVINDA CHAMY| ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം: ഗുരുതര സുരക്ഷാ വീഴ്ച; അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Jaihind News Bureau
Tuesday, July 29, 2025

കണ്ണൂര്‍: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിനും മറ്റ് പ്രിസണ്‍ ഉദ്യോഗസ്ഥര്‍ക്കും വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗോവിന്ദച്ചാമിക്ക് ജയില്‍ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്നും ജയില്‍ ഡിഐജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരോ തടവുകാരോ സഹായിച്ചതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച (ജൂലൈ 25, 2025) പുലര്‍ച്ചെ 1:15 ഓടെയാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. സെല്ലിന്റെ അഴികള്‍ മുറിച്ചുമാറ്റി, മതിലിലെ ഫെന്‍സിംഗിന് മുകളിലേക്ക് തുണി എറിഞ്ഞ് പിടിച്ച് കയറിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ദിവസങ്ങളോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാട്ടം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മതിലിലെ ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തിച്ചിരുന്നില്ല എന്നതും ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സഹായകമായി.

സംഭവത്തില്‍ മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഗോവിന്ദച്ചാമിയെ വ്യാഴാഴ്ച വരെ ജയിലിനകത്ത് കണ്ടിരുന്നതായും, വെള്ളിയാഴ്ച രാവിലെ സെല്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാളെ കാണാനില്ലെന്ന് അറിഞ്ഞതെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

ഗോവിന്ദച്ചാമി രക്ഷപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തുടനീളം അതീവ ജാഗ്രത പ്രഖ്യാപിക്കുകയും ട്രെയിനുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, തളാപ്പിലെ ഒരു വീട്ടുവളപ്പിലെ കിണറ്റില്‍ നിന്ന് ഇയാളെ പിടികൂടുകയും ചെയ്തു. കറുത്ത പാന്റും കറുത്ത ഷര്‍ട്ടും ധരിച്ച ഒരാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അതിസുരക്ഷാ ജയിലുകളുടെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം ജയില്‍ വകുപ്പിനും സംസ്ഥാന സര്‍ക്കാരിനും വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.