നട്ടെല്ലില്ലാത്ത നടപടി, ഗവര്‍ണര്‍ സിപിഎം-ബിജെപി അവിഹിത രാഷ്ട്രീയബന്ധത്തിന്‍റെ ദല്ലാള്‍; രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍ എംപി

 

തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടില്ലെന്ന് പറഞ്ഞതിന്  തൊട്ടുപിന്നാലെ പതിവുപോലെ നിലപാട് മാറ്റിയ ഗവർണർക്കെതിരെ അതിരൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ഒരു കാര്യത്തിലും അഭിപ്രായ സ്ഥിരതയില്ലാത്ത ഇങ്ങനെ ഒരു ഗവർണറെ കേരളം ഇതുവരെ കണ്ടിട്ടില്ല. നാണംകെട്ട ഗവർണറുടെ നടപടിയെക്കുറിച്ച് പ്രതികരിക്കുന്നത് തന്നെ നാണക്കേടാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിഹിത രാഷ്ട്രീയബന്ധത്തിന്‍റെ ദല്ലാളാണ് ഗവർണർ. പടപ്പുറപ്പാട് കണ്ടാൽ ഗവർണർ ഇപ്പോൾത്തന്നെ എന്തൊക്കെയോ ചെയ്യുമെന്ന് തോന്നും. എന്നാൽ മണിക്കൂറുകൾക്കകം പറഞ്ഞതെല്ലാം വിഴുങ്ങി യാതൊരു അഭിമാനബോധവുമില്ലാതെ മാധ്യമങ്ങളുടെ മുന്നിൽ വന്നുനിൽക്കും. ഗവർണറുടെ സ്ഥാനത്തിന് തന്നെ അദ്ദേഹം അപമാനമാണ്. മഹത്തായ ഒരു സ്ഥാനത്തിരിക്കാൻ യാതൊരു അർഹതയുമില്ലാത്ത ഒരു രാഷ്ട്രീയനേതാവാണ് അദ്ദേഹമെന്ന് പറയേണ്ടിവരുന്നതിൽ ദുഃഖമുണ്ട്’ – കെ സുധാകരന്‍ എംപി പറഞ്ഞു.

സംരക്ഷിക്കാൻ മുകളിൽ നരേന്ദ്ര മോദിയുണ്ട് എന്നതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആശങ്കയും ഭയപ്പാടുമില്ലാതെ സ്വതന്ത്രമായി നടക്കുന്നതിന് പിന്നില്‍. മുഖ്യമന്ത്രിക്കെതിരായ ഒരു കേസുകളിലും ഒരു ചലനവും ഉണ്ടാകാത്തതിന് കാരണം ഇതാണ്. വിവാദ കെ റെയിലിനും കേന്ദ്രം അനുമതി കൊടുക്കുമെന്ന് കെ സുധാകരൻ എംപി പറഞ്ഞു. ഇതെല്ലാം സിപിഎം-ബിജെപി അവിഹിതബന്ധത്തിന്‍റെ ഫലമാണ്. ഗവർണറുടെ സ്റ്റാഫായി ബിജെപി നേതാവിനെ നിയമിച്ചതിൽ പിണറായിക്കോ സർക്കാരിനോ സിപിഎമ്മിനോ യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരുടെ നടപടികളെല്ലാം കാപട്യമാണ്.

ഇത്രയും നട്ടെല്ലില്ലാത്ത ഒരു ഗവര്‍ണര്‍ അവതരിപ്പിക്കുന്ന ഇടതുപക്ഷത്തിന്‍റെ നയപ്രഖ്യാപനപ്രസംഗം കേള്‍ക്കാതിരിക്കുകയാണ്  ഭംഗി എന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം. ബാക്കി കാര്യങ്ങള്‍ യുഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

https://www.facebook.com/JaihindNewsChannel/videos/462940782145884

Comments (0)
Add Comment