സ്ത്രീസുരക്ഷയ്ക്കായി ഗവർണർ ഉപവസിക്കേണ്ട തലത്തിലേക്ക് കേരളം എത്തി ; സർക്കാരിന് പ്രേരകമാകട്ടെയെന്ന് വി.എം സുധീരന്‍

Jaihind Webdesk
Wednesday, July 14, 2021

തിരുവനന്തപുരം : സ്ത്രീ സുരക്ഷിത കേരളത്തിനുവേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവസിക്കേണ്ടിവരുന്ന തലത്തിലേക്ക് കേരളം എത്തിയിരിക്കുന്നെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഉൾക്കൊള്ളുന്ന ക്രൈം റെക്കോർഡ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വന്നതിന് പിന്നാലെയാണ് അസാധാരണ നടപടിയെന്നത് അതീവഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

‘സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഭീതിജനകമായ രീതിയിൽ പെരുകിവരുന്ന അതിക്രമ വ്യാപാനങ്ങൾക്കെതിരെ കണ്ണുതുറന്ന് കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ ഗവർണറുടെ ഉപവാസം സംസ്ഥാന സർക്കാരിന് പ്രേരകമാകട്ടെ.
ഉപവസിക്കുന്നതിനോടൊപ്പം തന്നെ സംസ്ഥാന ഭരണത്തലവനെന്ന നിലയിൽ ബഹു. മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട മന്ത്രിസഭാംഗങ്ങളെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തി സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ തനിക്കുള്ള ആശങ്കകൾ നേരിട്ടറിയിക്കാനും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിലയിൽ ശക്തവും ഫലപ്രദവുമായ സ്ത്രീ സുരക്ഷാ നടപടികളിലേക്ക് അവരെ നയിക്കുന്ന നിലയിൽ പ്രസക്തമായ ഉപദേശങ്ങൾ നൽകാനുമുള്ള തൻ്റെ ഭരണഘടനാപരമായ ബാധ്യത നിറവേറ്റാനും കൂടി ബഹു. ഗവർണർ തയ്യാറാകണമെന്നാണ് എൻ്റെ അഭ്യർത്ഥന.’- വി.എം സുധീരന്‍ വാർത്താക്കുറിപ്പില്‍ പറഞ്ഞു