കണ്ണൂർ : തലശേരി ഇല്ലത്ത്താഴെ ബൈപ്പാസിനോട് ചേർന്നുള്ള സർവീസ് റോഡിന്‍റെ ഭാഗമായ ഡ്രെയിനേജ് നിർമ്മിക്കുന്നതിന് ലാന്‍ഡ് അക്വിസിഷൻ വിഭാഗം സ്ഥലം ഏറ്റെടുക്കാത്തതിനെ ചൊല്ലിയുള്ള പ്രശ്നം നേരിൽ കണ്ടു മനസിലാക്കുന്നതിനായി കെ മുരളീധരൻ എം.പി സ്ഥലം സന്ദർശിച്ചു.
വാർഡ് കൗൺസിലർ സി. ഗോപാലന്‍റെ നേതൃത്വത്തിലുള്ള സംഘം എം.പിയെ നേരിട്ട് വിഷയം ധരിപ്പിച്ചു. ആവശ്യമായ സ്ഥലം സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ ഡ്രെയിനേജ് സ്ഥാപിക്കാൻ സാധിക്കില്ല. അതുകാരണം മഴക്കാലത്ത് സർവീസ് റോഡിലൂടെ ഒഴുകി വരുന്ന ജലം പ്രദേശത്ത് വെള്ളക്കെട്ടിന് ഇടയാക്കും. നിരവധി വീടുകളും വെള്ളത്തിനടിയിലാകും.
പ്രശ്നത്തിൽ ഇടപെടുമെന്ന് കെ മുരളീധരന്‍ എം.പി ഉറപ്പ് നല്‍കി. ജില്ലാ കളക്ടർ, ലാന്‍ഡ് അക്വിസിഷൻ വിഭാഗം, എൻ.എച്ച്.എ.ഐ അധികൃതർ എന്നിവരുമായി ബന്ധപ്പെടാമെന്നും എം.പി ദേശവാസികൾക്ക് ഉറപ്പു നൽകി. നാട്ടുകാരും കോൺഗ്രസ് നേതാക്കളായ പി.വി രാധാകൃഷ്ണൻ, ഇ വിജയ കൃഷ്ണൻ, പി.എൻ പങ്കജാക്ഷൻ, പി.എൻ വേണു ഗോപാൽ തുടങ്ങിയവരാണ് എം.പിയെ വിഷയം ധരിപ്പിച്ചത്. എം.പി അരവിന്ദാക്ഷൻ, അഡ്വ. സി.ടി സജിത്ത്, വി.സി പ്രസാദ് എന്നിവരും കെ മുരളീധരനൊപ്പം ഉണ്ടായിരുന്നു.