തലശ്ശേരിയില്‍ ക്ഷേത്ര ഉത്സവത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകരെ പിടി കൂടിയ രണ്ട് എസ്‌ഐമാരെ സ്ഥലം മാറ്റിയ വിഷയത്തിലുള്ള അടിയന്തര പ്രമേയം നോട്ടീസ് വേളയില്‍ നിരാകരിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും സഭയില്‍ ഒളിച്ചോട്ടം നടത്തി. ക്രിമിനലുകള്‍ക്ക് കുടപിടിച്ചു കൊടുക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ക്രിമിനലുകളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സമീപനം പോലീസിന്റെ ആത്മവീര്യം തകര്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
തലശ്ശേരി മണോളിക്കാവില്‍ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ രണ്ട് എസ്‌ഐമാരെ സ്ഥലം മാറ്റിയ വിവാദ വിഷയമാണ് അടിയന്തര പ്രമേയമായി പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത്. പോലീസിനെ ക്രൂരമായി ആക്രമിച്ച് പ്രതികളെ മോചിപ്പിച്ച സംഭവത്തില്‍ സണ്ണി ജോസഫ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഈ വിഷയം അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്യാന്‍ ആകില്ല എന്ന നിലപാട് സ്വീകരിച്ച് സ്പീക്കർ നോട്ടീസിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതു പ്രതിപക്ഷവും സ്പീക്കറുമായുള്ള വാദപ്രതിവാദത്തിന് ഇടയാക്കി. അടിയന്തിര പ്രമേയം നിരാകരിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നു ഇറങ്ങിപ്പോയി.
ക്രിമിനലുകള്‍ക്ക് കുടപിടിച്ചു കൊടുക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ക്രിമിനലുകളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സമീപനം പോലീസിന്റെ ആത്മവീര്യം തകര്‍ക്കുകയാണെന്നും തുടര്‍ന്നു വാര്‍ത്ത സമ്മേളനം നടത്തിയ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോള്‍ സിപിഎം ക്രിമിനലുകള്‍ പോലീസിനെ നിലത്തിട്ട് ചവിട്ടുകയാണെന്നദ്ദേഹം പറഞ്ഞു.
RSS നെ വളര്‍ത്തുവാന്‍ കളമൊരുക്കി ക്ഷേത്രങ്ങളിലേക്കുള്ള സി പി എം കടന്നുകയറ്റത്തേയും പ്രതിപക്ഷ നേതാവ് കടന്നാക്രമിച്ചു.