അനധികൃത ക്ലിനിക്കുകളും ലാബുകളും പെരുകുന്നു; സര്‍ക്കാരിന്‍റെ കയ്യില്‍ കണക്കുകളില്ല, അനാസ്ഥ

സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ക്ലിനിക്കുകളും ലാബുകളും കണ്ടെത്തുന്നതില്‍ സംസ്ഥാന സർക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും അനാസ്ഥ തുടരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ക്യാൻസർ ഇല്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവത്തിൽ പോലും ആരോഗ്യവകുപ്പ് അന്വേഷണം അട്ടിമറിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

നിലവിൽ ഈ വർഷം ജനുവരിയിൽ നിയമസഭയിൽ പാസാക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ്ആക്ട് പ്രകാരം യോഗ്യത ഉളളവർക്ക് മാത്രമേ ലാബുകളും, ക്ലിനിക്കുകളും നടത്താൻ അനുമതി നൽകൂ. ഇതിന്‍റെ ആദ്യ ഘട്ടത്തിൽ താൽക്കാലിക രജിസ്ട്രേഷൻ എന്ന പേരിൽ രണ്ടു വർഷമാണ് സർക്കാർ മുഴുവന്‍ ക്ലിനിക്കുകളുടേയും ലാബുകളുടേയും വിവരം അന്വേഷിച്ച് കണ്ടെത്തി താൽക്കാലിക രജിസ്ട്രഷന് സമയം നൽകിയിരിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ഒട്ടാകെ എത്ര ക്ലിനിക്കുകളും ലാബുകളും ഉണ്ടെന്നതുസംബന്ധിച്ച കണക്കുകൾ സർക്കാരിന്‍റെ കൈവശമില്ല. ലൈസൻസില്ലാതെ അനധികൃതമായി ലാബുകളും ക്ലിനിക്കുകളും നടത്തുന്നതിനെപ്പറ്റി ആരോഗ്യവകുപ്പിനോ സംസ്ഥാന ഗവൺമെന്‍റിനോ യാതൊരു അറിവും ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ തന്നെ പറയുന്നു. ഫലപ്രദമായ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ സർക്കാരിന്‍റെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾക്ക് ഇടയാക്കുന്നത്.

ക്യാൻസറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി നടത്തിയത് സംബന്ധിച്ച്  മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ  മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് രണ്ടാഴ്ച മുൻപ് നൽകിയ റിപ്പോർട്ടില്‍ നടപടിയൊന്നും എടുത്തില്ല. ജില്ലയിലെ സി.പി.എം ഉന്നത നേതാവിന്‍റെ  ബന്ധുവായ ഡോക്ടറാണ് സ്വകാര്യ ലാബിൽ പരിശോധന നടത്താൻ നിർദേശിച്ചത്. ഇതുകൊണ്ടാണ് റിപ്പോർട്ട് പൂഴ്ത്തിയതെന്നും ആരോപണമുണ്ട്.

illegal labs
Comments (0)
Add Comment