മരട് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സർക്കാർ നടപടി ആരംഭിച്ചു

Jaihind Webdesk
Monday, September 9, 2019

സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുമാറ്റാൻ സർക്കാർ നടപടികൾ ആരംഭിച്ചു. ഫ്ലാറ്റിലെ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന നിർദേശം നഗരസഭാ സെക്രട്ടറിക്ക് ലഭിച്ചു. ഇതോടെ എന്തുചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് ഫ്ളാറ്റുകളിലെ താമസക്കാർ.

ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് പുറമേ ജില്ലാ കളക്ടർക്കും സർക്കാർ കത്ത് നൽകിയിട്ടുണ്ട്. താമസക്കാരുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ജില്ലാ കളക്ടറുമായി ആലോചിച്ച് തീരുമാനിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം മരടിലെ ഫ്ളാറ്റുകൾ തങ്ങൾക്ക് ഒറ്റയ്ക്ക് പൊളിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് നഗരസഭ. തുടർനടപടികൾ കലക്ടറുമായി കൂടിയാലോചിച്ച ശേഷം പൂർത്തീകരിക്കാനാണ് നഗരസഭാ ഭരണസമിതിയുടെ തീരുമാനം. വിഷയം ചർച്ചചെയ്യാൻ അടിയന്തര കൗൺസിൽ ഉടൻ ചേരും.

തീരദേശ പരിപാലന നിയമം ലംഘിച്ച് കായലോരത്ത് നിർമ്മിച്ച അഞ്ചു ഫ്ലാറ്റ് സമുച്ചയങ്ങളാണ് പൊളിച്ചുനീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങൾ ഈമാസം 20നകം പൊളിച്ചുമാറ്റി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതി സർക്കാരിന് നൽകിയ അന്ത്യശാസനം. അഞ്ച് കെട്ടിടങ്ങളിലായി 500 ലേറെ ഫ്ലാറ്റുകളുണ്ട്. ഇതിൽ 350 ഫ്ലാറ്റുകളിലാണ് നിലവിൽ താമസക്കാരുള്ളത്.

കേസ് ഈ മാസം 23ന് വീണ്ടും പരിഗണിമ്പോൾ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 20നകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കി റിപ്പോർട്ട് നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും സുപ്രീം കോടതി നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഫ്ളാറ്റിലെ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകിയത്. എന്നാൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനുള്ള നീക്കം സർക്കാർ ആരംഭിച്ചതോടെ ആകെയുള്ള സമ്പാദ്യം മുഴുവൻ വിറ്റു പെറുക്കി ഫ്ളാറ്റ് വാങ്ങിയ താമസക്കാർ എങ്ങോട്ട് പോകണമെന്നറിയാതെ നിൽക്കുകയാണ്.