സാമ്പത്തിക പ്രതിസന്ധി : ചെത്ത് തൊഴിലാളികളുടെ ക്ഷേമനിധി പണയം വെച്ച് വായ്പയെടുക്കാന്‍ പിണറായി സർക്കാർ ; പെന്‍ഷനും ആനുകൂല്യങ്ങളും മുടങ്ങും

ചെത്ത് തൊഴിലാളികളുടെ ക്ഷേമനിധി പണയം വെച്ച് വായ്പയെടുക്കാൻ സർക്കാരിന്‍റെ നിർദ്ദേശം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നടപടിയെന്നാണ് വിശദീകരണം. സര്‍ക്കാരിന്‍റെ നീക്കം തൊഴിലാളികളുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങാന്‍ കാരണമായേക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോഴും ധൂര്‍ത്ത് തുടരുന്ന സർക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ ആണ് കേരള ചെത്ത് തൊഴിലാളി ക്ഷേമനിധി ഈടായി നൽകിക്കൊണ്ട് ബാങ്കിൽ നിന്നും 500 കോടി വായ്പ എടുത്തു നല്‍കാൻ ബോർഡിന് സർക്കാറിന്‍റെ നിർദ്ദേശം. ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ക്ഷേമനിധി തുക ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള പലിശ ഉപയോഗിച്ചാണ് തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പണം ബോർഡ് കണ്ടെത്തിയിരുന്നത്. സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ വർഷം നിക്ഷേപങ്ങൾ എല്ലാം ട്രഷറിയിലേക്ക് മാറ്റിയിരുന്നു. സംസ്ഥാനത്ത് നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതാണ് സർക്കാരിന്‍റെ പുതിയ നടപടി.

ബോർഡിന്‍റെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി എന്ന വ്യാജേനയാണ് ബാങ്കുകളിൽ നിന്നും ലോൺ എടുക്കുന്നത്. ഇത് സർക്കാരിന് മറിച്ച് നൽകാനാണ് ബോർഡിന്‍റെ തീരുമാനം. 500 കോടി രൂപ വായ്പ ലഭിക്കുന്നതിന് 550 കോടി രൂപയുടെ സ്ഥിരനിക്ഷേപം ബോർഡ് ഈടായി ബാങ്കിൽ നൽകേണ്ടിവരും. സർക്കാർ വായ്പ അടച്ചു തീർക്കുന്നത് വരെ നിക്ഷേപം ബോർഡിന് പിൻവലിക്കാനാകില്ല. സർക്കാരിന്‍റെ ഈ നിർദ്ദേശം ബോർഡിന്‍റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

Toddy Tapping Workers
Comments (0)
Add Comment