സൗജന്യ കൊവിഡാനന്തര ചികിത്സ നിർത്താനുള്ള തീരുമാനം ജനദ്രോഹപരം; സർക്കാർ പിന്തിരിയണമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, August 19, 2021

 

തിരുവനന്തപുരം : സർക്കാർ ആശുപത്രികളില്‍ കൊവിഡാനന്തര ചികിത്സയ്ക്ക് പണം കൊടുക്കണമെന്ന സർക്കാർ തീരുമാനം ദുരിതത്തിലായ ജനങ്ങളെ കൂടുതല്‍ ദ്രോഹിക്കുന്ന നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എംഎല്‍എ. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതയില്‍ ജനങ്ങൾ ആത്മഹത്യാ മുനമ്പിൽ  നിൽക്കുന്ന അവസ്ഥയാണുള്ളത്. സർക്കാർ നടപടി ദുരിതമനുഭവിക്കുന്നവന്‍റെ മുതുകിൽ പിന്നെയും ഭാരം കെട്ടിവെക്കുന്നതിന് തുല്യമാണ്. ജനദ്രോഹപരമായ തീരുമാനം പിൻവലിക്കാന്‍ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് :

സർക്കാർ ആശുപത്രികളിൽ എ.പി.എൽ വിഭാഗത്തിൽ പെട്ടവർക്ക് പോസ്റ്റ്‌ കോവിഡ് സൗജന്യ ചികിത്സ നിർത്തലാക്കുവാനുള്ള സർക്കാരിന്‍റെ തീരുമാനം ആശ്ചര്യപ്പെടുത്തുകയും ആസ്വസ്ഥനാക്കുകയും ചെയ്യുന്നു. യാഥാർഥ്യബോധം ഉള്ള ഒരു സർക്കാരിനും ചെയ്യാൻ കഴിയാത്ത തെറ്റായ നടപടിയാണ് ഇത്. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി അതിസമ്പന്നരെ പോലും തകർത്തിരിക്കുകയാണ്. വ്യാപാര, സേവന, വ്യവസായ രംഗത്തുള്ള സംഘടിതവും അസംഘടിതവും ആയ മേഖലകൾ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെ ഒക്കെ ദുരിതത്തിന്‍റെ കണ്ണുനീർ ദിവസവും കാണുന്ന ഭരണാധികാരികൾക്ക് എങ്ങനെ ഇത്തരം തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നു എന്നത് മനസ്സിലാകുന്നില്ല. ലക്ഷക്കണക്കിന് ആൾക്കാർ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്ന ഇക്കാലത്ത് എ.പി.എല്ലും, ബി.പി.എല്ലുമൊക്കെ സാങ്കേതികത്വം മാത്രമാണ്. ജനങ്ങൾ ആത്മഹത്യാ മുനമ്പിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്‍റെ നടപടി ദുരിതമനുഭവിക്കുന്നവന്‍റെ മുതുകിൽ പിന്നെയും ഭാരം കെട്ടിവയ്ക്കുന്നതിന് തുല്യമാണ്.എത്രയും വേഗം ഈ തീരുമാനം സർക്കാർ പിൻവലിക്കണം.