പൈനാപ്പിൾ കർഷകരുടെ പ്രതിസന്ധി പരിഹരിക്കണം: ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്തിക്കും കൃഷിമന്ത്രിക്കും കത്ത് നൽകി

Jaihind News Bureau
Thursday, March 26, 2020

തൊടുപുഴ: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉത്പാദനം നടത്തുന്ന വാഴക്കുളത്തെയും സമീപ പ്രദേശങ്ങളായ തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം എന്നീവിടങ്ങളിലെയും പൈനാപ്പിൾ കർഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ സർക്കാർ ഇടപെടണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും കത്ത് നൽകി.

കൊവിഡ്-19 വ്യാപന പ്രതിരോധത്തിന്‍റെ ഭാഗമായി മാർക്കറ്റുകളുടെ പ്രവർത്തനവും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതിനാൽ മാർക്കറ്റിൽ സംഭരിച്ച് വെച്ചതും തോട്ടങ്ങളിൽ വിളവെടുപ്പിന് കാലാവധി കഴിഞ്ഞതുമായ ടൺ കണക്കിന് പൈനാപ്പിൾ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതി 16.03.2020 മുതൽ പുർണമായും നിലച്ചിരിക്കുകയാണ്. ദിനം പ്രതി 1,200 ടൺ (200 ലോഡ്) പൈനാപ്പിളാണ് ഇവിടെ നിന്നും കയറ്റുമതി ചെയ്തിരുന്നത്. ഇതേ അളവിൽ ദിനംപ്രതി തോട്ടങ്ങളിൽക്കിടന്ന് പൈനാപ്പിൾ ചീഞ്ഞ് നശിക്കുന്ന അവസ്ഥയുമാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ പൈനാപ്പിൾ കർഷകരെ സഹായിക്കുന്നതിന് താഴെപ്പറയുന്ന കാര്യങ്ങൾ നടപ്പിൽ വരുത്തുവാൻ അഭ്യർത്ഥിച്ച് എം.പി കത്ത് നൽകി.

1.     കൃഷിക്കെടുത്തിരിക്കുന്ന ബാങ്ക് വായ്പകൾക്ക് പലിശയിളവും തിരിച്ചടവിന് 6 മാസം കാലാവധി നീട്ടി നൽകുക.
2.     വാഴക്കുളം അഗ്രോ ഫ്രൂട്ട് പ്രോസസിഗ് കമ്പനിക്ക് അടിയന്തിരമായി അനുവദിച്ച തുക നൽകുക. യുദ്ധകാലാടിസ്ഥാനത്തിൽ കമ്പനി പുനരുദ്ധാരണവും പൈനാപ്പിൾ സംസ്ക്കരണവും നടത്തുക.
3.     വാഴക്കുളം അഗ്രോ ഫ്രൂട്ട് പ്രോസസിഗ് കമ്പനിയിൽ പൈനാപ്പിൾ സംഭരിച്ച് ശീതിരണ സംവിധാനം പ്രയോജനപ്പെടുത്തുക.
4.     അയൽ സംസ്ഥാനങ്ങളിലെ പഴം സംസ്ക്കരണ ഫാക്ടറികളിൽ സർക്കാർ ഇടപെട്ട് നമ്മുടെ പൈനാപ്പിൾ സംസ്ക്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
5.     പൈനാപ്പിൾ കർഷകർക്കായി പ്രത്യേക കടാശ്വാസ പാക്കേജ് അനുവദിക്കുക.
6.     ഹോർട്ടിക്രോപ്പ് വഴി പൈനാപ്പിൾ വിപണനം ചെയ്യാൻ നടപടി സ്വീകരിക്കുക.

സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ സത്വര നടപടി കൈക്കൊള്ളണമെന്നും ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.

teevandi enkile ennodu para